വിദ്യാർഥികളുടെ നിരക്ക് ഇളവ്: 17 വയസ്സിൽ കൂടരുത്, ഇളവ് ബി.പി.എല്ലിന് മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികളുടെ യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ. നിരക്ക് വർധന സംബന്ധിച്ച് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒപ്പം ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്നും മറ്റ് വിഭാഗം വിദ്യാർഥികൾക്ക് സാധാരണ നിരക്കാണ് ബാധകമാക്കേണ്ടതെന്നും ശിപാർശയുണ്ട്. ബി.പി.എൽ വിഭാഗത്തിൽതന്നെ അഞ്ച് രൂപയാണ് കൺസഷൻ നിരക്കായി നിർദേശിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമായി റേഷൻ കാർഡുകൾ മാനദണ്ഡമാക്കി വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നിശ്ചയിക്കാൻ സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിൽ ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമായി കൺസഷൻ പരിമിതപ്പെടുത്തുമോ എന്നത് വ്യക്തമല്ല. ബി.പി.എൽ വിദ്യാർഥികൾ യാത്ര പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
രാത്രി യാത്ര നിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ 40 ശതമാനം വർധന ഏർപ്പെടുത്താനാണ് ശിപാർശ. പരീക്ഷണ സമയത്തെ വിലയിരുത്തലുകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും റിപ്പോർട്ടിലുണ്ട്. രാത്രി യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വിസ് നഷ്ടമാണെന്ന് ബസുടമകൾ നേരത്തേ പരാതിപ്പെട്ടിരുന്നു. സ്വകാര്യ ബസുടമകളുടെ കാര്യമാണ് സർക്കാർ പറയുന്നതെങ്കിലും രാത്രി യാത്രാനിരക്ക് വർധിച്ചാൽ അത് കൂടുതൽ ഗുണം ചെയ്യുക കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾക്കാണ്. സൂപ്പർ ക്ലാസ് സർവിസുകൾ കൂടുതലും ഓപറേറ്റ് ചെയ്യുന്നത് രാത്രിയിലാണ്. ശിപാർശ നടപ്പായാൽ കെ.എസ്.ആർ.സിയുടെ രാത്രികാല സർവിസുകളിൽ യാത്രാ ചെലവേറും. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്.
മിനിമം ചാർജ് നേരത്തേ നിശ്ചയിച്ചിരുന്നതുപോലെ പത്ത് രൂപയാക്കാനാണ് ധാരണ. അതേസമയം മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരപരിധിയിൽ കുറവ് വരുത്തിയ തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മിനിമം ചാർജായ എട്ടു രൂപക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽനിന്ന് 2.5 കിലോമീറ്ററായി കുറച്ചത്. പുതിയ ശിപാർശകളിലും ഈ ദൂരപരിധി മാറ്റിയിട്ടില്ല. മാത്രമല്ല കിലോമീറ്റർ ചാർജ് 90 പൈസയിൽനിന്ന് ഒരു രൂപയാക്കാനുമാണ് നിർദേശം. 70 പൈസയായിരുന്നു കിലോമീറ്റർ ചാർജ് കോവിഡ് കാലത്താണ് 90 പൈസയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.