വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsമാനന്തവാടി: കുഴിനിലം ചെക്ക് ഡാമിനു സമീപം സ്കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി. ബാബു (38), കുഴിനിലം കോട്ടായിൽ വീട്ടിൽ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്താണ് (14) മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവം അറിഞ്ഞയുടൻ മനഃപൂർവമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടുസൂചിയിൽ പിടിച്ചാണ് അഭിജിത്തിന് ഷോക്കേറ്റത്. ഇവിടെ ഇൻസുലേഷൻ പതിച്ചിരുന്നെങ്കിലും പറിഞ്ഞുപോയതാണ് ഷോക്കേൽക്കാനിടയായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽനിന്ന് ഇലക്ട്രിക്കൽ വയർ, കമ്പി, മുള കൊണ്ടുള്ള തോട്ടി, വടിക്കഷണം എന്നിവ കണ്ടെടുത്തിട്ടുണ്ട്.
മാനന്തവാടി എസ്.ഐമാരായ കെ.കെ. സോബിൻ, ടി.കെ. മിനിമോൾ, എ.എസ്.ഐ. കെ.വി. സജി, സിവിൽ പൊലീസ് ഓഫിസർമാരായ വി. വിപിൻ, റോബിൻ ജോർജ്, കെ.ഡി. രാംസൺ, സിവിൽ പൊലീസ് ഓഫിസർ പി.വി. അനൂപ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
വയനാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി. സുമേഷിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ടീമും കെ.എസ്.ഇ.ബി തവിഞ്ഞാൽ സെക്ഷൻ അസി. എൻജിനീയർ ശിവദാസിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി അധികൃതരും ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.