വിദ്യാർഥി ക്ഷാമം; പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പ്രവേശനം
text_fieldsകൊച്ചി: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിക്ഷാമം. പരിഹരിക്കാൻ ഹയർ സെക്കൻഡറി, ഐ.ടി.ഐ വിദ്യാർഥികളെയും പ്രവേശിപ്പിക്കാമെന്ന് സർക്കാർ.
യു.പി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടത്തുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലാണ് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്.
സംസ്ഥാനത്ത് 85 പ്രീമെട്രിക് ഹോസ്റ്റലുകളാണുള്ളത്. തിരുവനന്തപുരം - 6, കൊല്ലം - 8, പത്തനംതിട്ട - 6, ആലപ്പുഴ- 4, കോട്ടയം - 4, ഇടുക്കി - 6, എറണാകുളം- 5, തൃശൂർ - 5, പാലക്കാട് - 15, മലപ്പുറം - 5, കോഴിക്കോട്- 5, വയനാട്-1,കണ്ണൂർ - 7, കാസർകോട് - 8 എന്നിങ്ങനെയാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലുകളുടെ എണ്ണം. ഇവിടങ്ങളിലായി 2550 സീറ്റുകളുമുണ്ട്.
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായി 85% സീറ്റും മറ്റു വിഭാഗങ്ങൾക്കായി 15% സീറ്റും മാറ്റി െവച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി പ്രീമെട്രിക് ഹോസ്റ്റലുകളിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വരികയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്തതോടെയാണ് ഒഴിവുള്ള സീറ്റുകളിൽ ഹയർ സെക്കൻഡറി, ഐ.ടി.ഐ വിദ്യാർഥികളെ കൂടി പ്രവേശിപ്പിക്കണമെന്ന് കാണിച്ച് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സംസ്ഥാന സർക്കാറിന് കത്ത് നൽകിയത്. കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറങ്ങി.
പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കായി വിപുലമായ സൗകര്യങ്ങളാണ് വകുപ്പ് ഒരുക്കുന്നത്. ഒരു വിദ്യാർഥിക്ക് ഒരു മാസം 3125 രൂപയാണ് വകുപ്പ് ചെലവഴിക്കുന്നത്.
സൗജന്യ താമസ - ഭക്ഷണത്തിന് പുറമേ പ്രതിമാസം 190 രൂപ പോക്കറ്റ് മണി, ഓണം, ക്രിസ്മസ് അടക്കമുള്ള ആഘോഷ നാളുകളിൽ വീട്ടിൽ പോകുന്ന വിദ്യാർഥികൾക്കായി ദൂരമനുസരിച്ച് യാത്രക്കൂലി, എല്ലാ വിഷയങ്ങൾക്കും ട്യൂഷൻ, വിനോദയാത്ര എന്നിവയും വിദ്യാർഥികൾക്കായി വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, അണുകുടുംബ വ്യവസ്ഥയും പട്ടികജാതി വിഭാഗങ്ങളിലുണ്ടായ സാമ്പത്തിക മാറ്റവുമാണ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികൾ കുറയാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേസമയം ഉയർന്ന കോഴ്സുകൾ പഠിക്കുന്നവർക്കായി വകുപ്പ് നടത്തുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ഹൗസ് ഫുള്ളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.