വിദ്യാർഥിനിയുടെ ആത്മഹത്യശ്രമം; അഞ്ച് സഹപാഠികൾ അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പരിശീലനത്തിെൻറ ഭാഗമായെത്തിയ വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവത്തിൽ സഹപാഠികളായ അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുളക്കഴ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം വൈഷ്ണവി (19), തിരുവല്ല നീതു എലിസബത്ത് അലക്സ് (19), ഓയൂർ ഷൈജ (19), തിരുവല്ല കാരക്കൽ ആതിര (19) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിരയാണ് (21) നൂഹ്മാൻ ജങ്ഷന് സമീപത്തെ ലോഡ്ജിൽ നിന്ന് ചാടിയത്. അറസ്റ്റിലായവെര മഞ്ചേരിയിലെ സ്പെഷൽ എസ്.സി./എസ്.ടി കോടതിയിൽ ഹാജരാക്കി. സഹപാഠികൾ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്ന നിലയിൽ അപമാനിക്കുകയും ചെയ്തതായി ആതിര മൊഴി നൽകിയിരുന്നു. വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലേയും സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ സംഭാഷണങ്ങൾ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് അറസ്റ്റ്.
തിരുവനന്തപുരത്ത് ഐ.പി.എം.എസ്. കോളജിൽ രണ്ടാം വർഷ ബി.ബി.എ. ഏവിയേഷൻ വിദ്യാർഥിയായ ആതിര വിമാനത്താവളത്തിലെ പരിശീലനത്തിനാണ് മൂന്നാഴ്ച മുമ്പ് കരിപ്പൂരിലെത്തിയത്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ സി.ഐ എം. മുഹമ്മദ് ഹനീഫ, സതീശൻ, ഷൈജു, അഹമ്മദ് കുട്ടി തുടങ്ങിയവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
ആതിരക്ക് ലക്ഷം രൂപ സഹായം –മന്ത്രി
തിരുവനന്തപുരം: കരിപ്പൂരിൽ കെട്ടിടത്തിെൻറ മുകളിൽനിന്ന് വീണ ആതിരക്ക് അടിയന്തര ചികിത്സസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാന്‍ ഉത്തരവിട്ടതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
ആതിരയുടെ അമ്മയും മറ്റ് ബന്ധുക്കളും തന്നെ വന്ന് കണ്ടിരുന്നു. സര്‍ക്കാറിെൻറ എല്ലാ സഹായവും കുടുംബത്തിനുണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച സ്ഥാപനം നടത്തിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആതിരയുടെ കുടുംബത്തിന് നീതിലഭ്യമാക്കാനും തുടര്‍പഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.