പ്രകടമായത് ഇടതു വിദ്യാര്‍ഥി സംഘടനയുടെ ഭീകരമുഖം -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: യൂനിയന്‍ നേതാക്കളുടെ ശല്യത്തെ തുടര്‍ന്ന് പഠനം തടസ്സപ്പെടുന്നതില്‍ മനംനൊന്ത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാർഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഇടതുവിദ്യാർഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഈ കാമ്പസ് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിട്ട് വര്ഷങ്ങളേെറയായി.
കണ്ണൂര്‍ മോഡല്‍ പോലെ ഈ കോളജില്‍ വന്‍തോതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആയുധം ശേഖരിച്ചിട്ടുണ്ട്. സ്വതന്ത്രമായി പഠിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പലവിദ്യാർഥികളും നേരത്തേരംഗത്ത് വന്നിട്ടുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് കോളജ് അധികൃതര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നത് യാഥാര്‍ഥ്യമാണ്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ മാത്രമല്ല സംസ്ഥാനത്ത് എസ്.എഫ്.ഐ നിയന്ത്രണത്തിെല ഒട്ടുമിക്ക കോളജുകളുടെയും അവസ്ഥയിതാണ്. ഇത്തരം സാമൂഹികവിരുദ്ധരെ നിയന്ത്രിക്കുന്നത് പൂര്‍ണമായും സി.പി.എം നേതൃത്വമാണ്. വിദ്യാർഥിനി ജീവനൊടുക്കാനായി ശ്രമിച്ച സാഹചര്യം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.