വിദ്യാർഥി ജീവനൊടുക്കിയ സംഭവം; ലാപ്ടോപ് സൈബർ സെൽ പരിശോധനക്ക്
text_fieldsകോഴിക്കോട്: ലാപ്ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെ സൈബർ സെല്ലിന്‍റെ പേരിൽ വ്യാജസന്ദേശം ലഭിച്ചതിനെത്തുടർന്ന് പ്ലസ്‍ വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ലാപ്ടോപ് പരിശോധനക്ക് കൈമാറി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചേളന്നൂർ ഇരുവള്ളൂർ ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്.
സൈബർ സെല്ലിനാണ് ലാപ്ടോപ് കൈമാറിയിരിക്കുന്നത്. ലാപ്ടോപ്പിന്റെ വിദഗ്ധ പരിശോധനക്കുശേഷം സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു.
ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടയിൽ, നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും 33,900 രൂപ നൽകിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്നും അറസ്റ്റ് ചെയ്യുമെന്നും നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേതിന് സമാനമായ സൈറ്റിൽനിന്ന് സന്ദേശം വന്നു. ആറുമണിക്കൂറിനുള്ളിൽ പണം അടക്കണമെന്നും ഇല്ലെങ്കിൽ രണ്ടുലക്ഷം രൂപ പിഴയും രണ്ടുവർഷം തടവും ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി.
എൻ.സി.ആർ.ബിയുടെ എബ്ലം വ്യാജമായി ഉപയോഗിച്ചുള്ള സന്ദേശം ലഭിച്ചത് വിദ്യാർഥിയിൽ ഭീതിയുളവാക്കി. താൻ മോശപ്പെട്ട സൈറ്റിൽ കയറിയിട്ടില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിൽനിന്ന് പൊലീസ് മൊഴിയെടുക്കും.
ചേവായൂർ പൊലീസ് സബ് ഇൻസ്പെക്ടർ നിമിൻ എസ്. ദിവാകറിനാണ് അന്വേഷണ ചുമതല. ഇത്തരം വ്യാജ സന്ദേശങ്ങൾ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വന്നാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.
സൈബർ സെൽ: 9497976009. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ: 9645406494.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.