വിദ്യാർഥിയാത്ര: സ്വകാര്യബസുകളുടെ പരിധിവിട്ട ഓട്ടത്തിന് വഴിയൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: വിദ്യാർഥി യാത്രാനിരക്ക് വിഷയത്തിലെ ബസ് സമരത്തിന്റെ മറപിടിച്ച് 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യബസുകൾക്ക് ഓടാൻ വഴിയൊരുക്കുന്നതിന് ഗതാഗതവകുപ്പിൽ അണിയറനീക്കം. ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസുടമകളുമായി മന്ത്രി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയാകുന്ന ദൂരപരിധി നിബന്ധനയിൽ പുനഃപരിശോധന വാഗ്ദാനം ചെയ്തതത്. നിയമപ്രകാരം സ്വകാര്യബസുകളുടെ അനുവദനീയ ദൂരപരിധി 140 കിലോമീറ്റർ മാത്രമാണ്. എന്നാൽ ഈ പരിധിയിൽ കൂടുതൽ ഓടാൻ അനുവദിക്കണമെന്ന ആവശ്യം ഏറെക്കാലമായി സ്വകാര്യബസുകൾ ഉന്നയിക്കുന്നുണ്ട്. സമരമടക്കം നടത്തിയ ഘട്ടങ്ങളിലൊന്നും സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനയില്ലെങ്കിൽ ദൂരിപരിധി മറികടന്നുള്ള പെർമിറ്റ് എന്നതാണ് ഇപ്പോഴത്തെ ബസുടമകളുടെ നിലപാട്. ഇക്കാര്യത്തിലാണ് ഗതാഗതരവകുപ്പ് ൈകയയക്കുന്നത്.
1980 മുതൽ തുടങ്ങി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ദീർഘദൂര പെർമിറ്റുകളും സൂപ്പർ ക്ലാസ് പെർമിറ്റുകളും കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയുള്ള കോടതി ഉത്തരവ് ലഭിച്ചത്. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
സ്വകാര്യ ബസുടമകൾ കോടതിയിൽ പോയെങ്കിലും കെ.എസ്.ആർ.ടി.സിക്ക് അനുകൂലമായിരുന്നു വിധി. ഇതിന്റെ ഫലമായി പെര്‍മിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിന് 2016 ഫെബ്രുവരിയില്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരിൽ പെർമിറ്റ് അനുവദിച്ചിരുന്നു. മോട്ടോർവാഹനചട്ടപ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിെൻറ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയർ സ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ കൂടി എടുത്തുകളഞ്ഞായിരുന്നു അനുമതി നൽകിയുള്ള നിയമഭേദഗതി. അതേസമയം ഈ പെർമിറ്റുകളുടെ കാലാവധി കഴിയുകയും ചെയ്തു. എന്നാൽ നിയമവിരുദ്ധമായി ഇത്തരം പെർമിറ്റുകൾ വീണ്ടും പുതുക്കിനൽകാനാണ് ഇപ്പോൾ വഴിയൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.