തടിയുള്ള ശരീരപ്രകൃതമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ യൂനിഫോം ധരിക്കാൻ നിർബന്ധിച്ചു; പ്രധാനാധ്യാപികക്കെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: സാധാരണ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനിയോട് യൂനിഫോം അണിഞ്ഞുവരാൻ നിർബന്ധിച്ചെന്ന പേരിലെടുത്ത സ്കൂൾ പ്രധാനാധ്യാപികക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. തൃശൂർ അകമല ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ ബാലനീതി നിയമപ്രകാരം വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസായിരുന്നു ഇത്.
2020 മാർച്ച് രണ്ടിന് പരീക്ഷയുടെ മാർക്കറിയാനും പുതിയ പുസ്തകങ്ങൾ വാങ്ങാനുമായി യൂനിഫോം ധരിക്കാതെയാണ് സ്കൂൾ ബസിൽ കുട്ടി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിൻസിപ്പൽ അടുത്തേക്ക് വിളിച്ച് കുട്ടിയുടേത് തടിയുള്ള ശരീരപ്രകൃതമാണെന്ന് പറയുകയും യൂനിഫോം ധരിച്ച് വരാൻ പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികൾ ജസ്റ്റിസ് എ. ബദറുദ്ദീനാണ് റദ്ദാക്കിയത്.
അവധിക്കാലമായതിനാൽ യൂനിഫോം നിർബന്ധമല്ലായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, അക്കാദമിക വർഷം പൂർത്തിയായിട്ടില്ലാത്തതിനാൽ യൂനിഫോം വേണ്ടിയിരുന്നെന്ന് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. കുട്ടിയുടെ മാതാവ് അതേ സ്കൂളിൽ അധ്യാപികയാണ്. പരീക്ഷ ഡ്യൂട്ടിയിൽ ശ്രദ്ധക്കുറവുണ്ടായതിന് അവർക്ക് മെമോ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മകൾ മുഖേന ഇത്തരമൊരു പരാതി തനിക്കെതിരെ നൽകിയതെന്നും ഹരജിക്കാരി വാദിച്ചു.
ദേഹോപദ്രവം, അധിക്ഷേപം, അവഗണന തുടങ്ങിയവയിലൂടെ ശാരീരികമോ മാനസികമോ ആയ ആഘാതമുണ്ടാക്കിയാലേ ബാലനീതി പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കുറ്റങ്ങളൊന്നും പ്രഥമദൃഷ്ട്യാ കാണുന്നില്ല. ഇത്തരം കാര്യങ്ങൾക്ക് ബാലനീതി നിയമപ്രകാരമുള്ള കുറ്റം ചുമത്തുന്ന പ്രവണതയുണ്ടായാൽ സ്കൂളിന്റെ അച്ചടക്കത്തെയും നിലവാരത്തെയും ബാധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.