ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു; കഴിച്ചത് കുഴിമന്തിയെന്ന് കുടുംബം
text_fieldsകാസർകോട്/കണ്ണൂർ/നെടുങ്കണ്ടം: കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഭക്ഷ്യവിഷബാധ. കാസർകോട് പെരുമ്പള ബേനൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെൺകുട്ടി മരിച്ചു. കണ്ണൂർ തോട്ടട കുറുവയിൽ വിവാഹസൽകാരത്തിൽ ഭക്ഷണം കഴിച്ച 40 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇടുക്കി നെടുങ്കണ്ടത്ത് ഷവർമ കഴിച്ച കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെതുടർന്ന് ഹോട്ടൽ പൂട്ടിച്ചു.
ശനിയാഴ്ച സംസ്ഥാന വ്യാപക പരിശോധനയിൽ 26 ഹോട്ടലുകൾ പൂട്ടി. കാസർകോട് പെരുമ്പള ബേനൂരിലെ അരീച്ചം വീട്ടിൽ പരേതനായ കുമാരൻ നായരുടെയും അംബികയുടെയും മകൾ മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് വിദ്യാർഥിനി അഞ്ജുശ്രീ പാർവതിയാണ് (19) ചികിത്സയിലിരിക്കെ മരിച്ചത്. ഇതെതുടർന്ന് ഇവർ കുഴിമന്തി വാങ്ങിയ അൽ-റൊമാൻസിയ ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. ഫ്രീസർ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമീഷണർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.
‘സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പ്ള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന് സിന്‍ഡ്രോം’ മൂലമാണ് മരണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഡിസംബർ 31ന് ഉച്ചയോടെ അടുക്കത്തുബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരിച്ചത്.
കണ്ണൂർ തോട്ടട കുറുവയിലെ വീട്ടിൽ ജനുവരി മൂന്നിന് നടന്ന വിവാഹസൽക്കാരത്തിൽ ഭക്ഷണം കഴിച്ച 40 പേർക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് അറിയിച്ചു. 400 പേർ പങ്കെടുത്തിരുന്നു.
ഇടുക്കി നെടുങ്കണ്ടത്ത് ക്യാമൽ റസ്റ്റോ ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച ബിബിന്‍, മാതാവ് ലിസി, ഏഴ് വയസ്സുള്ള മകൻ മാത്യു എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വൃത്തിഹീനമാണെന്നും ലൈസൻസില്ലെന്നും കണ്ടെത്തിയതിനെതുടർന്ന് ഹോട്ടൽ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.