ലക്ഷ്മി നായർക്കെതിരായ ഹരജിയിൽ നിന്ന് വിദ്യാർഥി പിന്മാറി
text_fieldsകൊച്ചി: തിരുവനന്തപുരം ലോ അക്കാദമിയിൽ ജാതിപ്പേര് വിളിയിലൂടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആക്ഷേപത്തിനിരയായെന്ന് പരാതിപ്പെട്ട വിദ്യാർഥി അവർക്കെതിരായ കേസിൽനിന്ന് പിന്മാറി. കേസിൽ ലക്ഷ്മി നായരെ കസ്റ്റഡിയിലെടുക്കണമെന്നും അന്വേഷണ ചുമതല എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ വിവേക് നൽകിയ ഹരജിയാണ് പിൻവലിച്ചത്.
തനിക്കെതിരെ അനാവശ്യമായി അടിച്ചേൽപിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്കിയ ഹരജി പുതുക്കി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.തന്നെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും ഒരുതവണപോലും ലക്ഷ്മി നായരെ ചോദ്യം ചെയ്യാന്‍ അന്വേഷണം നടത്തുന്ന തിരുവനന്തപുരം അസി. കമീഷണര്‍ തയാറായിട്ടില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിക്ക് അവസരം നല്‍കിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിവേക് ഹരജി നല്‍കിയത്. കേസ് അട്ടിമറിക്കാനാണ് നീക്കമെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ ഏൽപിക്കണമെന്നായിരുന്നു ആവശ്യം. വ്യാഴാഴ്ച കേസ് പരിഗണിക്കവേ ലക്ഷ്മി നായരുമായുണ്ടായ പ്രശ്നം ഒത്തുതീർന്നെന്നും ഹരജിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു തെൻറ ആവശ്യം. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഇൗ കേസ് തീർപ്പാക്കി. ഹരജിക്കാരൻ പിന്മാറിയ സാഹചര്യത്തിൽ അദ്ദേഹത്തിെൻറ പരാതിയിലെടുത്ത കേസും തുടർനടപടിയും റദ്ദാക്കണമെന്ന ആവശ്യം ഇൗ സമയം ലക്ഷ്മി നായരുടെ അഭിഭാഷകൻ ഉന്നയിച്ചു. ഇതിന് അനുകൂല നിലപാടാണ് വിദ്യാർഥിയുടെ അഭിഭാഷകനും സ്വീകരിച്ചത്. എന്നാൽ, നിലവിലെ ഹരജിയിൽ അത്തരമൊരു തീരുമാനം സാധ്യമല്ലെന്നും പുതുക്കിയ ഹരജി സമർപ്പിക്കാനും കോടതി നിർദേശിച്ചു. തുടർന്ന്, ലക്ഷ്മി നായരുടെ ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.