കൊല്ലത്ത് വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിച്ചു
text_fieldsപുനലൂർ (കൊല്ലം): ട്രക്കിങിനെത്തി കനത്ത മഴയിൽ കൊടും വനത്തിൽ അകപ്പെട്ട വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 32 അംഗ സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഞായറാഷ്ച രാത്രി ഉൾപ്പെടെ 10 മണിക്കൂറോളം നീണ്ട ആശങ്ക അവസാനിപ്പിച്ച് കാട്ടിൽ നിന്നും ഈ സംഘത്തെ തിങ്കളാഴ്ച പുലർച്ചെ നാലോടെ പുറത്തെത്തിച്ച് വീടുകളിലേക്ക് പറഞ്ഞയച്ചു.
അതിർത്തി മലയായ അച്ചൻകോവിൽ കോട്ടവാസൽ തൂവൽമല വനത്തിലാണ് ചവറ ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്.സി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർഥികളും അധ്യാപകരും അകപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് ഈ സംഘം അച്ചൻകോവിലിൽ എത്തി മലകയറിയത്. വനം അധികൃതരുടെ അറിവോ അനുമതിയോ ഗൈഡുകളോ ഇല്ലാതെയായിരുന്നു അപകടകരമായ വനത്തിലേക്ക് ഇവർ കയറിയതെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരത്തോടെ കനത്ത മഴയും കോടമഞ്ഞും ആയതോടെ ഇവർക്ക് തിരിച്ചിറ ങ്ങാൻ കഴിയാതായി. ഈ ഭാഗത്ത് മൊബൈൽ ഫോണിന് റേഞ്ചും കുറവാണ്. ഇവർ അകപ്പെട്ട വിവരം അറിഞ്ഞ് വനപാലകരും പൊലീസും നാട്ടുകാരും എത്തി രാത്രിയിൽ മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടികൾ പലരും അവശരായിരുന്നു. നിർജലീകരണം മാത്രമാണ് കുട്ടികൾക്ക് നിലവിലുള്ള ആരോഗ്യപ്രശ്നം. ഇവർക്ക് കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.