'ലോകത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ, കേട്ടിട്ട് ചങ്കുതകർന്നു'; ക്രൂര റാഗിങ്ങിനിരയായ വിദ്യാർഥിയുടെ പിതാവ്
text_fieldsകോട്ടയം: 'കേട്ടിട്ട് ചങ്കുതകർന്നു,ലോകത്ത് ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ..?' എന്ന് നടുക്കത്തോടെ ചോദിക്കുകയാണ് കോട്ടയം നഴ്സിങ് കോളജിൽ അതിക്രൂര റാഗിങ്ങിന് വിധേയരായ വിദ്യാർഥികളിൽ ഒരാളുടെ പിതാവായ ലക്ഷ്മണ പെരുമാൾ. നാല് മാസമായി ഇത് നടക്കുന്നു. കുട്ടികൾ പേടിച്ചാണ് പുറത്തുപറയാതിരുന്നത്. കുറ്റക്കാർക്കെതിരെ തക്കതായ ശിക്ഷ ലഭിക്കാൻ ഏതറ്റംവരെയും പോകാൻ തയാറാണെന്നും അദ്ദേഹം പറയുന്നു.
'ഒരിക്കൽ പോലും ഞങ്ങളെ അവനെ വേദനിപ്പിച്ചിട്ടില്ല. കോളജിൽ പോകാൻ ഇഷ്ടമായിരുന്നു. തിങ്കളാഴ്ചയാണ് അറിയുന്നത് അവൻ ക്രൂര റാഗിങ്ങിന് ഇരയായെന്ന്' മറ്റൊരു വിദ്യാർഥിയുടെ മാതാവ് പ്രേമയുടെ വാക്കുകളാണിത്. നാല് മാസമായി അവർ റാഗിങ്ങ് അനുഭവിക്കുകയാണെന്നുള്ള ഞെട്ടിക്കുന്ന വിവരം മകനെ വിളിച്ചപ്പോഴാണ് അറിയുന്നത്.
കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. സീനിയേഴ്സ് കുത്തിയ വേദനയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ ദിവസവും രാത്രി എട്ടിനു മുൻപു വിളിക്കും. പഠിക്കാനുണ്ടെന്നു പറഞ്ഞാണു ഫോൺ വയ്ക്കുന്നത്. പുലർച്ചെയോളം സീനിയേഴ്സിന്റെ ക്രൂരത സഹിക്കും. ഞായറാഴ്ച പകൽ മാത്രമാണ് ഉറങ്ങിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ ദിവസമാണു ഞങ്ങൾ അറിയുന്നതെന്ന് പ്രേമ നിറകണ്ണുകളോടെ പറയുന്നു.
കോട്ടയം സർക്കാർ നഴ്സിങ് കോളജിൽ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങിന്റെ ക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഒന്നാംവർഷ വിദ്യാർഥികളായ ആറുപേരാണ് ക്രൂര റാഗിങ്ങിന് വിധേയമായത്. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.
പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
വിദ്യാർഥിയെ വിവസ്ത്രനാക്കി തോർത്ത് കൊണ്ട് കട്ടിലിൽ കെട്ടിയിട്ടു, ഒന്ന്...രണ്ട്...മൂന്ന്...എന്ന് എണ്ണി കഴുത്തുമുതൽ കാൽപാദംവരെ ഡിവൈഡറും കോമ്പസും ഉപയോഗിച്ച് കുത്തി. കുത്തിയ സ്ഥലങ്ങളിൽനിന്ന് രക്തം പൊടിഞ്ഞപ്പോൾ ഷേവിങ് ലോഷൻ പുരട്ടി. മലർത്തിക്കിടത്തി സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഒന്നിനുമുകളിൽ ഒന്നായി വെച്ചു. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി. വിദ്യാർഥി വേദനകൊണ്ട് നിലവിളിച്ചപ്പോൾ വായിലേക്കും ലോഷൻ ഒഴിച്ചു’ -കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ ഇങ്ങനെയാണ്.
പീഡനം മൊബൈലിൽ പകർത്തിയ ശേഷം സംഭവം വെളിയിൽപ്പറഞ്ഞാൽ കൊല്ലുമെന്ന് ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. റാഗിങ്ങിന്റെ ദൃശ്യങ്ങൾ തെളിവാക്കി മാറ്റുന്നതിന് ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ നവംബർ മുതലാണ് പീഡന സംഭവങ്ങളുടെ തുടക്കം.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍, സീനിയേഴ്സിനെ ബഹുമാനമില്ല എന്ന് പറഞ്ഞ് വിദ്യാര്‍ഥികളിൽ ഒരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ഡിസംബർ 13ന് അര്‍ധരാത്രിയാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ കൈയും കാലും കെട്ടിയിട്ട് ലോഷന്‍ ഒഴിച്ചശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്പിച്ച സംഭവമുണ്ടായത്.
എന്നാൽ, റാഗിങ് സംഭവത്തിൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ ഡോ. സുലേഖ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന് മുമ്പ് ആരും ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഹോസ്റ്റലിന് മാത്രമായി മുഴുവൻ സമയ വാർഡനില്ല.
ചുമതലയുള്ള അസി. വാർഡൻ മുഴുവൻ സമയവും ഹോസ്റ്റലില്ല. രാത്രികാലങ്ങളിൽ ഹൗസ് കീപ്പിങ് ഇൻചാർജായ ഒരാൾ മാത്രമാണുള്ളത്. ഇയാളിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, കേസിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല പൊലീസ്. അസിസ്റ്റന്റ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും. മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.