പ്രളയബാധിത മേഖലകളിലെ സ്കൂളുകളിൽ ഹാജർനിലയിൽ വൻ കുറവ്
text_fieldsതിരുവനന്തപുരം: ഒാണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നേപ്പാൾ പ്രളയബാധിത പ്രദേശങ്ങളിൽ കുട്ടികളുടെ ഹാജർനിലയിൽ കുറവ്. വെള്ളം കയറി വീട് തകർന്നതിനെ തുടർന്ന് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറേണ്ടിവന്ന കുട്ടികൾ മിക്കവരും സ്കൂളുകളിൽ എത്തിയില്ല. എന്നാൽ, പ്രളയം കാര്യമായി ബാധിക്കാത്ത മേഖലകളിൽ ഹാജർനിലയിൽ കുറവുണ്ടായിരുന്നില്ല. പ്രളയബാധിത പ്രദേശങ്ങളിൽ തുറന്ന സ്കൂളുകളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും പഠന പ്രവർത്തനങ്ങളൊന്നും നടന്നില്ല. പകരം വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസികോല്ലാസത്തിനും സഹായകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ 420 വിദ്യാലയങ്ങളാണ് ബുധനാഴ്ച പ്രവർത്തിക്കാതിരുന്നത്. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ഇൗ മേഖലയിലെ 389 സ്കൂളുകളും പ്രവർത്തിച്ചില്ല. പ്രളയബാധിത മേഖലകളിൽ വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നത് കാരണം 117 പൊതുവിദ്യാലയങ്ങളാണ് പ്രവർത്തനസജ്ജമല്ലാതായത്. ഇതിൽ 98 എണ്ണവും ആലപ്പുഴ ജില്ലയിലാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്നതിനാൽ 85 സ്കൂളുകളും തുറന്നില്ല. ഇൗ രണ്ടു കാരണങ്ങളാൽ തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത മൊത്തം പൊതുവിദ്യാലയങ്ങളുടെ എണ്ണം 202 ആണ്. പ്രവർത്തന സജ്ജമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ ജില്ല തിരിച്ചുള്ള എണ്ണം, ബ്രാക്കറ്റിൽ നാശനഷ്ടം നേരിട്ടവ, ക്യാമ്പ് നടക്കുന്നവയുടെ എണ്ണം. ആലപ്പുഴ 171 (98, 73), പത്തനംതിട്ട 10 (6, 4), എറണാകുളം 9 (7, 2), തൃശൂർ 7 (2, 5), ഇടുക്കി 2 (2, 0), വയനാട് 1 (1, 0), മലപ്പുറം 1(1, 0), കോട്ടയം 1 (1, 0), ആകെ 202 (117, 85).
യൂനിഫോം ധരിക്കാൻ നിർബന്ധിക്കരുത്
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പല കുട്ടികൾക്കും യുനിഫോം നഷ്ടപ്പെട്ട സാഹചര്യത്തിൽ പകരം വിതരണം ചെയ്യുന്നതു വരെ യൂനിഫോം ധരിക്കാൻ നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. തുറന്നുപ്രവർത്തിക്കാത്ത സ്കൂളുകളിൽ പാഠപുസ്തകം, യൂനിഫോം എന്നിവ നഷ്ടപ്പെട്ടവർക്ക് തുറന്നുപ്രവർത്തിക്കുന്ന മുറക്ക് വിതരണം ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്നും ഡി.പി.െഎ അറിയിച്ചു. എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കും സ്കൂളുകൾ തുറക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.