ഉമ്മത്തൂർ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി
text_fieldsനാദാപുരം: ചൊവ്വാഴ്ച ഉമ്മത്തൂർ പുഴയിലെ മുടവന്തേരി ഇല്ലത്ത് കടവിൽ ഒഴുക്കിൽ കാണാതായ മിസ്ഹബിന്റെ (13) മൃതദേഹം കണ്ടെത്തി. അപകടദിവസം വൈകീട്ട് ആറിന് ആരംഭിച്ച രക്ഷാദൗത്യത്തിനൊടുവിൽ വ്യാഴാഴ്ച ഒന്നോടെയാണ് മൂന്നര കി.മീ. അകലെ കായപ്പനച്ചി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ആറുമുതൽ തിരച്ചിലിന് കൊച്ചിയിൽനിന്നുള്ള നാവിക സേനാംഗങ്ങളും എത്തിയിരുന്നു. ഇന്നലെ പുഴയുടെ താഴ്ഭാഗത്തേക്ക് തിരച്ചിൽ മാറ്റുകയായിരുന്നു. രണ്ട് സംഘങ്ങളായി നാട്ടുകാരും ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫും) പുഴയരികിൽ നടത്തിയ തിരച്ചിലിനിടെയാണ് ചെറുചെടികളിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്.
മൂന്നുദിവസം പ്രദേശത്തെ സന്നദ്ധപ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും ഊണും ഉറക്കവുമൊഴിച്ച് രക്ഷാദൗത്യത്തിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വൈകീട്ട് ആറോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കി. ചൊവ്വാഴ്ച പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർഥി സംഘത്തിലെ മുഹമ്മദും മിസ്ഹബും ഒഴുക്കിൽപെടുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാട്ടുകാർ കണ്ടെത്തി. പിതാവ്: അലി. മാതാവ്: സൈനബ. സഹോദരങ്ങൾ: മുഹമ്മദ്, മൈമൂനത്ത്, മുഹ്സിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.