വിദ്യാർഥികൾ നന്മപ്പെട്ടി തുറന്നു; നാണയത്തുട്ടുകൾ ദുരിതാശ്വാസത്തിന്
text_fieldsനേമം: ഒരുകൂട്ടം വിദ്യാർഥികൾ അവരുടെ നന്മപ്പെട്ടി തുറന്നത് ദുരിതാശ്വാസത്തിന് മുതൽകൂട്ടായി. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ കുട്ടികളാണ് നാണയത്തുട്ടുകൾ ദുരിതാശ്വാസത്തിന് നൽകി നാടിന് മാതൃകയായത്.
ക്ലാസ്മുറികളിൽ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയിൽ ഒറ്റരൂപ നാണയങ്ങൾ നിക്ഷേപിച്ച് 42 നിർധന കുടുംബങ്ങൾക്ക് പ്രതിമാസം 500 രൂപ പെൻഷൻ നൽകുന്ന പദ്ധതി കഴിഞ്ഞ നാല് വർഷമായി വിജയകരമായി നടത്തിവരുന്ന സ്കൂളാണിത്. സ്കൂളിലെ 17,00 കുട്ടികളും നന്മ പദ്ധതിയുടെ ഭാഗമാണ്. ഓരോ മാസവും പെൻഷൻ നൽകിയശേഷം മിച്ചംവരുന്ന തുക അവർ നീക്കിവെക്കും. ഇങ്ങനെ നീക്കിെവക്കുന്ന പണം നാട്ടിലെ നല്ല കാര്യങ്ങൾക്ക് നൽകുകയാണ് പതിവ്.
2018ൽ ഒരുലക്ഷം രൂപയാണ് പ്രളയദുരിതാശ്വാസത്തിലേക്ക് നൽകിയത്. 2019ൽ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബ് ശീതീകരിക്കുന്നതിനും റീ ഏജൻറ് വാങ്ങുന്നതിനും അനുബന്ധ ജോലിക്കുമായി 90,000 രൂപ കുട്ടികൾ സംഭാവന ചെയ്തു.
ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണശയിലെ കുട്ടികൾ പങ്ക് നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറും ഒപ്പം ചേർന്നു.
50,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഐ.ബി. സതീഷ് എം.എൽ.എക്ക് കൈമാറിയത്. നേമം ബ്ലോക്ക് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പി.ടി.എ പ്രസിഡൻറ് ശ്രീകാന്ത്, വിദ്യാർഥി പ്രതിനിധി അദ്വൈത് എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.