പേവിഷബാധയേറ്റ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsപാലക്കാട്: വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പാലക്കാട് ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12ന് പാലക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മങ്കര സ്വദേശിനി ശ്രീലക്ഷ്മിയുടെ മരണത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മങ്കരയിലെ വീട്ടിലും ആശുപത്രിയിലുമെത്തി വിവരങ്ങൾ ശേഖരിച്ചു. മുഴുവൻ വാക്സിൻ എടുത്തിട്ടും വിദ്യാർഥിനിക്ക് വിഷബാധ ഏറ്റത് ചർച്ചയായതിനെതുടർന്നാണ് സർക്കാർ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര പ്രതികരണ സേന യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപംനൽകി. അതേസമയം, വാക്സിന്‍റെ ഗുണനിലവാരത്തിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് പാലക്കാട് ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു. ഇതേ ബാച്ചിലുള്ള വാക്സിൻ മറ്റുള്ളവർക്കും കുത്തിവെച്ചിരുന്നു. അവർക്കൊന്നും പ്രശ്നങ്ങളില്ല. ശ്രീലക്ഷ്മിയുടെ ശരീരത്തിൽ കടിയേറ്റുണ്ടായ മുറിവിന്‍റെ ആഴം കൂടുതലായതിനാൽ ഞരമ്പ് മുറിഞ്ഞ് വൈറസ് അതിവേഗം ശരീരത്തിലെത്തിയോയെന്ന് സംശയമുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
മേയ് 30നാണ് കോളജിലേക്ക് പോകുംവഴി ശ്രീലക്ഷ്മിക്ക് അയൽവീട്ടിലെ വളർത്തുനായുടെ കടിയേറ്റത്. ഇതിന്‍റെ തലേദിവസം നായുടെ ഉടമക്കും കടിയേറ്റിരുന്നു. ഇവർക്ക് വാക്സിൻ ഫലിച്ചിട്ടുണ്ട്. ഇക്കാര്യം പഠനസംഘം വിശകലനം ചെയ്യും. നായുമായി ഇടപെട്ട മറ്റുള്ളവരെയും പരിശോധിക്കും. വളർത്തുനായ്ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നില്ല. കടിച്ച നായെ തല്ലിക്കൊന്നതിനാൽ കൂടുതൽ പരിശോധനക്ക് പരിമിതികളുണ്ടെന്ന് അധികൃതർ പറഞ്ഞു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകളാണ് മരിച്ച ശ്രീലക്ഷ്മി.
അതേസമയം, കുത്തിവെപ്പ് എടുക്കുന്ന പ്രക്രിയയിൽ വരുന്ന സാങ്കേതികപ്പിഴവ് വാക്സിൻ പരാജയപ്പെടാൻ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ചർമപാളികളിലേക്ക് കുത്തിവെപ്പ് നൽകുന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. അതിലുണ്ടാകുന്ന പാളിച്ച വാക്സിൻ പരാജയപ്പെടാൻ കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.