ബസപകടത്തിൽ പരിക്കേറ്റ ഒരുവിദ്യാര്‍ഥി ഒഴികെയുള്ളവർ ആശുപത്രി വിട്ടു
text_fieldsഇരിങ്ങാലക്കുട: മധ്യപ്രദേശില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരുവിദ്യാര്‍ഥി ഒഴികെ എല്ലാവരും ആശുപത്രി വിട്ടു. കോളജിലെ ജിയോളജി വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ നടത്തിയ പഠനയാത്രക്കിടെയാണ് അപകടം നടന്നത്.
ശനിയാഴ്ച രാത്രി 7.30ന് മധ്യപ്രദേശിലെ റായ്പൂരിലെ കട്‌നിയിലാണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവസാനവര്‍ഷ വിദ്യാര്‍ഥി എഡ്വേര്‍ഡ് ബെന്‍ മാത്യു (20) അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തില്‍ രണ്ട് അധ്യാപകര്‍ക്കും 14 വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും തലക്കു പരിക്കുപറ്റിയ എഡ്വേര്‍ഡ് ജഗല്‍പൂരിലെ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എഡ്വേര്‍ഡ് തിങ്കളാഴ്ച ആശുപത്രി വിടുമെന്നാണ് കരുതുന്നത്.
വിദ്യാര്‍ഥികളെല്ലാവരും സമീപത്തെ സി.എം.ഐ പബ്ലിക് സ്‌കൂളിലാണ് കഴിയുന്നത്. കോളജിലെ സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. വില്‍സന്‍ തറയില്‍ ഞായറാഴ്ച മധ്യപ്രദേശിലെത്തി. പഠനയാത്ര അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
അപകടത്തില്‍പെട്ട സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ശ്രമം നടത്തിയിരുന്നു. അപകടം നടന്ന കട്നിയിലെ ജില്ല മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പാണയിലെ പൊലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങള്‍ നടത്തി. അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങളും നല്‍കി. മധ്യപ്രദേശിലെ മലയാളി കൂട്ടായ്മകളും സ്ഥലത്തെ മലയാളിയായ പൊലീസ് ഉദ്യോഗസ്ഥനും അപകടസ്ഥലത്ത് സഹായമെത്തിക്കുന്നതില്‍ സജീവമായിരുന്നു.
സംഘത്തിന് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി -മന്ത്രി
ഇരിങ്ങാലക്കുട: പഠനയാത്രക്കിടെ മധ്യപ്രദേശിൽ അപകടത്തിൽപെട്ട ക്രൈസ്റ്റ് കോളജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. അപകടം നടന്ന കട്നിയിലെ ജില്ല മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പൊലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയതായും മന്ത്രി ഫേസ്ബുക്കിൽ പ്രതികരിച്ചു.
16 വിദ്യാർഥികളും ഒരു അധ്യാപകനുമാണ് കട്നിയിലുള്ളത്. സാരമായി പരിക്കുള്ള രണ്ടുപേരും മികച്ച ചികിത്സാസൗകര്യമുള്ള ആശുപത്രികളിലാണ്. തലക്ക് പരിക്കുള്ള വിദ്യാർഥിയെ ജബൽപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്ക് പ്രഥമ ശുശ്രൂഷ മാത്രമേ നൽകേണ്ടി വന്നിട്ടുള്ളൂ.
അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി ആശുപത്രി സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും രക്ഷിതാക്കളും സഹപാഠികളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.