പാത്രങ്ങളെത്തിച്ച് അമ്മമാരുടെ കൂട്ടായ്മ; വട്ടത്താണി സ്കൂളിലിനി ഭക്ഷണത്തിന് വരിനിൽക്കണ്ട
text_fieldsതാനൂർ: വട്ടത്താണി കെ. പുരം ജി.എൽ.പി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് വരിനിൽക്കുന്നതൊഴിവാക്കാൻ കൂടുതൽ പാത്രങ്ങളെത്തിച്ച് അമ്മമാരുടെ കൂട്ടായ്മ. വിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പലയിടത്തുമുള്ള പ്രധാന പരാതിയാണ് ഭക്ഷണം വാങ്ങാൻ വിദ്യാർഥികളെ വരിനിർത്തുന്നുവെന്നത്.
പാചകപ്പുരയിലോ വരാന്തയിലോ ഏറെ നേരം വരിനിന്നാലേ കുരുന്നുകൾക്ക് ഭക്ഷണം ലഭിക്കൂയെന്ന സാഹചര്യമാണ് മിക്ക വിദ്യാലയങ്ങളിലും. പലകാരണങ്ങളാൽ വരിനിൽക്കാൻ സാധിക്കാത്തവർക്ക് ഭക്ഷണം തന്നെ കിട്ടിയില്ലെന്നും വരാം. ഇതിനെതിരെ സ്കൂളിലെ അമ്മമാരുടെ കൂട്ടായ്മ സ്കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. ശ്രീജ സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു.
അതതു ക്ലാസ് മുറികളിൽ ഭക്ഷണം എത്തിക്കണമെന്ന ആവശ്യം നടപ്പാക്കാതിരിക്കുന്നതിന് പ്രധാന തടസ്സമായി സ്കൂൾ അധികൃതർ പറഞ്ഞത് ഭക്ഷണം വിളമ്പുന്ന പാത്രങ്ങളുടെ കുറവായിരുന്നു.
അത് കൂട്ടായ്മയുടെ കരുത്തിൽ വകഞ്ഞുമാറ്റി കുട്ടികൾക്ക് പിന്തുണയുമായെത്തി മാതൃകയായിരിക്കുകയാണ് അമ്മമാരുടെ കൂട്ടായ്മ. പ്രശ്നപരിഹാരത്തിനായി കൂട്ടായ്മ സ്വന്തം ചെലവിൽ സ്കൂളിലേക്ക് ആവശ്യമായ പാത്രങ്ങൾ ലഭ്യമാക്കുകയായിരുന്നു. ഇതോടൊപ്പം കൂടുതൽ വിളമ്പൽ പാത്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിവേദനം നൽകുകയും ചെയ്തു. പാത്രങ്ങൾ അമ്മമാർ പ്രധാനാധ്യാപിക എസ്. അജിതാനാഥിന് കൈമാറി. ടി. മഞ്ജുള, എൻ.പി. ജമീല, ജസീല, സുമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.