കാലിക്കറ്റിൽ ആറുവര്‍ഷം നീണ്ട പി.ജി കോഴ്സ്: കൂട്ടത്തോല്‍വിയിൽ പ്രതിഷേധിച്ച് വിദ്യാർഥികള്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ എം.എസ്സി കൗണ്‍സലിങ് സൈക്കോളജി പരീക്ഷയിലുണ്ടായ കൂട്ടത്തോല്‍വിയില്‍ പ്രതിഷേധിച്ച് സർവകലാശാലയില്‍ വിദ്യാർഥികൾ പ്രതിഷേധയോഗവും ധർണയും നടത്തും.
നാലു സെമസ്റ്ററുകളിലായി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പി.ജി കോഴ്സ് ആറു വര്‍ഷത്തിലധികം നീണ്ടുപോയിട്ടും അധികൃതര്‍ തങ്ങളോട് പ്രതികാരബുദ്ധിയോടെയുള്ള പെരുമാറ്റം തുടരുകയാണെന്ന് വിദ്യാർഥികള്‍ പറയുന്നു. എം.എസ്സി കൗണ്‍സലിങ് സൈക്കോളജി കോഴ്സ് വിദൂരവിദ്യാഭ്യാസ സംവിധാനത്തില്‍ നടത്തുന്നതിനായി 2014ലാണ് സർവകലാശാല നാല് സ്റ്റഡി സെൻറർ അനുവദിച്ചത്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ 120 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കി. ആദ്യ സെമസ്റ്റര്‍ പരീക്ഷ കഴിയുംമുമ്പുതന്നെ ഈ സ്റ്റഡി സെൻററുകള്‍ അടച്ചുപൂട്ടി പഠിതാക്കളെ വഴിയാധാരമാക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികളുടെ നിരന്തര സമ്മർദത്തിനൊടുവില്‍ കോഴ്സ് തുടര്‍ന്ന് നടത്താന്‍ സർവകലാശാല തയാറായെങ്കിലും കടുത്ത പക്ഷപാതവും അവഗണനയുമാണ് നേരിട്ടത്. ആറുവര്‍ഷങ്ങള്‍ക്കുശേഷം വിദ്യാര്‍ഥികളുടെ നിരന്തരമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം ആദ്യ രണ്ടു സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയെങ്കിലും മിക്കവരും പരാജയപ്പെടുകയായിരുന്നു. സർവകലാശായിലെ റഗുലര്‍- വിദൂര വിദ്യാഭ്യാസ വകുപ്പുകള്‍ തമ്മിലുള്ള വടംവലിയുടെ ഇരകളായിരിക്കുകയാണ് തങ്ങളെന്ന് വിദ്യാർഥികള്‍ പറയുന്നു.
ശരിയായരീതിയില്‍ മൂല്യനിർണയ നടപടികള്‍ പൂര്‍ത്തിയാക്കി പരീക്ഷാഫലം വീണ്ടും പ്രഖ്യാപിക്കണമെന്നും വര്‍ഷങ്ങളായി തുടരുന്ന കടുത്ത അവഗണനക്കും മാനസികപ്രയാസത്തിനും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് നൂറിലധികം വരുന്ന വിദ്യാർഥികള്‍ വ്യാഴാഴ്ച രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്ത് സമരം നടത്തുന്നത്.
ഈ കോഴ്സുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റും അക്കാദമിക് കൗണ്‍സിലും കൈക്കൊണ്ട തീരുമാനങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും സമരസമിതി നേതാക്കളായ അഡ്വ. സുരേഷ് തോന്നക്കല്‍, ഡോ. ജോസ് കാവുങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.