കൊച്ചി സർവകലാശാലയിൽ റാഗിങ്: ഏഴ് വിദ്യാർഥികൾക്ക് സസ്പെൻഷൻ പൊലീസ് കേസെടുത്തു
text_fieldsകളമശ്ശേരി: ഒന്നാം വർഷ മറൈൻ എൻജിനീയറിങ് വിദ്യാർഥികളെ ദേഹോപദ്രവമേൽപിച്ച് റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർഥികളെ കൊച്ചി സർവകലാശാല സസ്പെൻഡ് ചെയ്തു. 13 വിദ്യാർഥികളെ മർദിച്ച് റാഗ് ചെയ്തതായി രജിസ്ട്രാർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മറൈൻ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥികളായ കെ. ആദിത്യൻ, ബി. അരവിന്ദ്, എൻ.എസ്. മുഹമ്മദ് സിദാൻ, കെ.വി. മുഹമ്മദ് ആസിഫ്, ജോർജ് അനിൽ, പി.എഫ്. മുഹമ്മദ് സവാദ്, വി. നവനീത് എന്നിവരെ സസ്പെൻഡ് ചെയ്തത്.
രജിസ്ട്രാറുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. ഈമാസം 18, 19 തീയതികളിൽ സർവകലാശാല കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ഹോസ്റ്റലിലാണ് സംഭവം. രാത്രി പല സമയങ്ങളിലായി ഒന്നാം വർഷ വിദ്യാർഥികൾ താമസിക്കുന്ന മുറിയിലെത്തി സീനിയർ വിദ്യാർഥികൾ അവരെ റാഗ് ചെയ്യുകയായിരുന്നു.
ചവിട്ടൽ, മുഖത്തടിക്കൽ, തല ഭിത്തിയിൽ ചേർത്ത് ഇടിക്കൽ, ബെൽറ്റുകൊണ്ട് അടിക്കൽ, പാട്ടുപാടിക്കൽ, ഡാൻസ് കളിപ്പിക്കൽ പുഷ് അപ് എടുപ്പിക്കൽ എന്നീ രീതികളിലൂടെ റാഗ് ചെയ്തെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.