വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സ്‌കൂള്‍ ബസ് ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍
text_fieldsഅടിമാലി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടില്‍ അശ്വിന്‍ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വര്‍ഗ്ഗീസ് (ജോജു, 41 ) എന്നിവരെയാണ് പിടികൂടിയത്. അശ്വിനെ പൊലിസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്. വാളറയിലെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളില്‍ യുവജനോത്സവം നടന്നപ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഏതാനും വിദ്യാര്‍ഥികളെ അധ്യാപകര്‍ പിടികൂടിയിരുന്നു.
സ്‌കൂളില്‍ കുട്ടികളെ ജീപ്പില്‍ കൊണ്ടുവിടുന്ന അശ്വിന്‍ ശശിയാണ് മദ്യം നല്‍കിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. വിവരം പിന്നീട് പി.ടി.എ കമ്മറ്റിയെ അറിയിച്ചു. നാട്ടുകാരും അധ്യാപകരും അശ്വിന്‍ ശശിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസിന് കൈമാറി. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ അടിമാലിയിലെ പ്രമുഖ സ്‌കൂളിലെ ബസ് ഡ്രൈവറായ ജോജുവാണ് മദ്യം നല്‍കിയതെന്ന് ഇയാൾ പറഞ്ഞു. ജോജു ടാക്‌സി ഓട്ടോയും ഓടിക്കുന്നുണ്ട്.
തുടര്‍ന്ന് എക്‌സൈസിന്റെ സഹായം തേടിയ പൊലീസ് അശ്വിനെകൊണ്ട് ഫോണില്‍ ജോജുവിനോട് മദ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഓട്ടോയില്‍ ഒരു ലിറ്റര്‍ മദ്യവുമായി വരുന്നതിനിടെ ജോജുവിനെയും പിടികൂടി. റെയ്ഡ് വിവരം അറിഞ്ഞതോടെ പൊലീസിനെയും എക്‌സൈസിനെയും സഹായിക്കാന്‍ നാട്ടുകാരും രംഗത്തെത്തി. അതേസമയം, പ്രദേശത്തെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന് നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. നിരവധി പരാതികള്‍ ഉയരുന്നതിനിടെയാണ് അടിമാലിയില്‍ രണ്ടുപേര്‍ പിടിയിലായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.