നവകേരള സദസ്സിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്കൂൾ അധികൃതരെ തടയും -എം.എസ്.എഫ്
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന സ്കൂൾ അധികൃതരെ തടയുമെന്ന് എം.എസ്.എഫ്. സർക്കാരിന്റെ രാഷ്ട്രീയ മേളയും നവകേരള നാടകവും കാണാൻ ‘അച്ചടക്കമുള്ള’ 200 വീതം വിദ്യാർത്ഥികളെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയും. നവ കേരള സദസ് തുടക്കത്തിൽ തന്നെ പൊളിഞ്ഞതിന്റെ ഭാഗമായാണ് സർക്കാരിന്റെ വിചിത്ര തീരുമാനം. വിദ്യാർഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ധൂർത്ത് കാണാൻ വിദ്യാർഥികളെ ക്ലാസുകൾ മുടക്കി കൊണ്ടുപോകാനുള്ള തീരുമാനം തിരുത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
നവ കേരള സദസ് വിവാദങ്ങളിൽ നിൽക്കെ ആളെ കൂട്ടാനുള്ള സർക്കാർ നിർദേശമായാണ് ഇതിനെ കാണേണ്ടത്. വിദ്യാർഥികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദ്യം ചെയ്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫിന്റെ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട്ടത്. വിദ്യാർഥികളെ ബാധിക്കുന്ന അത്തരം വിഷയങ്ങൾ കേൾക്കാനല്ല ഈ നവ കേരള സദസ്സ് എന്ന് വ്യക്തമാക്കുന്നതാണ് സർക്കാറിന്റെയും പൊലീസിന്റെയും ഈ നരനായാട്ട്. കേരളീയം പരിപാടിക്ക് സർക്കാർ ഓഫിസുകൾക്ക് ലീവ് അനുവദിച്ച് ആളെ കൂട്ടാൻ സർക്കാർ കാണിച്ച അതേ തന്ത്രം തന്നെയാണ് സ്ക്കൂൾ ബസുകളിൽ വിദ്യാർഥികളെ ക്ലാസുകൾ മുടക്കി എത്തിക്കാനുള്ള തീരുമാനത്തിന് പിറകിലും. നവ കേരള സദസ് സർക്കാർ ചിലവിൽ സി.പി.എം നടത്തുന്ന പ്രചാരണ പരിപാടി മാത്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രകീർത്തന പരിപാടിക്ക് വിദ്യാർഥികൾ സന്നദ്ധമല്ല.
സർക്കാറിന്റെ ഈ വിചിത്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ മുടക്കി വിദ്യാർഥികളെ എത്തിക്കാനുള്ള അധികാരികളുടെ ശ്രമം എം.എസ്.എഫ് തടയും. വിദ്യാർഥികളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും മുഖ്യമന്ത്രിയും മന്ത്രിമാരും പറയാൻ പോലും തയ്യാറാകുന്നില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജന. സെക്രട്ടറി സി.കെ. നജാഫ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.