‘ഫ്യൂസ് ഊരരുത് സാർ, ഞങ്ങൾ സ്കൂളിൽ പോകുവാ...’; വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറെന്ന് ലൈൻമാൻമാർ
text_fieldsകോഴഞ്ചേരി (പത്തനംതിട്ട): കുടിശ്ശികയായ ൈവദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് മീറ്ററിനടുത്ത് അപേക്ഷയും 500 രൂപയും. പണം അടച്ച് ലൈൻമാൻ വൈദ്യുതി തടയാതെ കുടുംബത്തെ സഹായിച്ചു. പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍റെ പരിധിയിലാണ് സംഭവം.
ഓഫിസ് ഉത്തരവ് പ്രകാരം കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനിറങ്ങിയതായാണ് ലൈൻ മാൻ ബിനീഷ്. ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിർധനരായ വീട്ടിലാണ് അപേക്ഷയും പണവും മീറ്ററിനടുത്തായി വെച്ചിരുന്നത്. ‘‘സാർ, ഫ്യൂസ് ഊരരുത്. ൈപസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.
രാവിലെ സ്കൂളിൽ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻമാർ പറയുന്നു.
തയ്യൽ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിന്‍റെ ഏഴാം ക്ളാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. പല മാസങ്ങളിലും സ്കൂളിൽനിന്ന് തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന് വർഷമായി കാണാനില്ല. തയ്യൽ കടയിൽ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.
രാവിലെ അച്ഛനും തങ്ങൾക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ് മക്കൾ സ്കൂളിലേക്ക് പോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവർ കഴിയുന്നത്. വീട്ടിൽ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.