കോവിഡ് ചികിത്സയിൽ ആയുർവേദം മെച്ചമെന്ന് പഠനം; സർക്കാർ സമീപനത്തിൽ മാറ്റം
text_fieldsതൃശൂർ: കോവിഡ് ചികിത്സയിലെ ആയുർവേദ സാധ്യതകളെ കൂടെപ്പിടിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് പ്രതിരോധ പദ്ധതികളിൽ ആയുർവേദം ഫലപ്രദമാണെന്ന് ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചിരുന്നു.
സംസ്ഥാന ആയുർവേദ കോവിഡ് 19 റെസ്പോൺസ് സെല്ലിെൻറ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മുന്നിൽ പരസ്യപ്പെടുത്താതിരുന്ന പഠനഫലമാണ് നിയമസഭയിൽ കെ.കെ. രമയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വീണ ജോർജ് വെളിപ്പെടുത്തിയത്. മാത്രമല്ല ആയുർവേദത്തിെൻറ അടിസ്ഥാന ഗവേഷണ പ്രവർത്തനങ്ങൾക്ക് ട്രാൻസ് ഡിസിപ്ലിനറി ഹബ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അതിെൻറ തുടർനടപടികളും ആരോഗ്യവകുപ്പിൽ സജീവമാവുകയും ചെയ്തു.
പഠനങ്ങൾ അന്താരാഷ്ട്ര ജേണലുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനാലാണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മന്ത്രി നിയമസഭ മറുപടിയിൽ നൽകിയിരുന്നു. അതേസമയം, സംസ്ഥാന കോവിഡ് കർമസേനയിൽ ആയുർവേദ വിദഗ്ധരെ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആധുനിക മരുന്ന് ചികിത്സക്കാരുടെ (മോഡേൺ മെഡിസിൻ) പിടിയിലാണെന്ന ഇതര ചികിത്സ വിഭാഗങ്ങളുടെ ആരോപണം ഈയടുത്ത കാലം വരെ ശക്തമായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിെൻറ വെളിപ്പെടുത്തൽ ആയുർവേദം ശാസ്ത്രമല്ലെന്ന പ്രചാരണം ഉയർത്തുന്ന ഒരുവിഭാഗത്തിെൻറ വായടപ്പിച്ചെന്ന മറുവാദമുയർത്തി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ പ്രതിരോധ പദ്ധതിയായ അമൃതം, ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്രോഗികളുടെ ആയുർവേദ ചികിത്സ പദ്ധതി ഭേഷജം, കോവിഡാനന്തര ചികിത്സ പദ്ധതി 'പുനർജനി' എന്നിവയെ കേന്ദ്രീകരിച്ച പഠനമാണ് 2020 മേയ് മുതൽ നടന്നത്. ഇതിൽ അമൃതം പഠന റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ കോവിഡ് ചികിത്സക്ക് നേരത്തേ ആയുർവേദ വിഭാഗത്തിന് അനുമതി നൽകിയത്.
തുടർന്ന് ഫണ്ടും ലഭ്യമാക്കി. ഇതിനിടെ ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളിലെ ആയുർവേദ ചികിത്സ പദ്ധതിയായ 'ഭേഷജ'ത്തിെൻറ രണ്ടാംഘട്ട പഠന സർവേ തുടങ്ങി. 21 ദിവസം നിരീക്ഷിച്ച് രോഗികളിലെ മാറ്റം വിലയിരുത്തുന്ന പഠനപ്രവർത്തനത്തിെൻറ ആദ്യഘട്ടമാണ് തുടങ്ങിയത്.
റെസ്പോൺസ് സെൽ പഠനഫലം
- അമൃതം: ആയുർവേദ ചികിത്സ തുടർന്ന കോവിഡ് നിരീക്ഷണത്തിലായ 1,01,216 പേരിൽ 0.34 ശതമാനം പേർ മാത്രമാണ് കോവിഡ് പോസിറ്റിവായത്. മരുന്ന് ഉപയോഗിക്കാത്തവരിൽ 1.67 ശതമാനം പോസിറ്റിവായി. ആയുർവേദ മരുന്നുകൾ ഉപയോഗിച്ചിട്ടും കോവിഡ് പോസിറ്റിവായ 577 പേരിൽ ലക്ഷണങ്ങളുടെ തീവ്രത കുറവായിരുന്നു. 2020 മേയ് 21 മുതൽ ജൂൈല നാലുവരെയായിരുന്നു പഠനം.
- ഭേഷജം: 2020 ഡിസംബർ ഒന്നുമുതൽ 2021 ജനുവരി 15 വരെ ഗുരുതരവസ്ഥയിലല്ലാത്ത 9855 കോവിഡ്രോഗികളിൽ നടത്തിയ പഠനത്തിൽ 95.87 ശതമാനത്തിനും സങ്കീർണതകളില്ലാതെ കോവിഡ് സുഖപ്പെട്ടു. ഔഷധജന്യമായ ആരോഗ്യപ്രശ്നങ്ങൾ പഠനത്തിൽ കണ്ടെത്തിയില്ല. 0.44 ശതമാനം ആളുകളെ മാത്രമേ അവസ്ഥ മോശമായി മറ്റ് ചികിത്സശാഖകളിലേക്ക് മാറ്റിയുള്ളൂ.
- പുനർജനി: 4871 പോസ്റ്റ് കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ 99.1 ശതമാനം പേരെ കേവിഡാനന്തര പ്രശ്നങ്ങൾ ബാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.