ഉല ഇപ്പോഴും പുകയുന്നുണ്ട്; കൂരകൾ പുലരുവാൻ
text_fieldsകിളിമാനൂർ: ഒരുകാലത്ത് നാട്ടിൻപുറത്തെ കാർഷിക സംസ്കൃതിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു ഓലപ്പുരകളായിരുന്ന ആലകൾ. എന്നാൽ യന്ത്രവത്കൃത കൃഷിരീതി വ്യാപകമായതോടെ ഇവയിൽ പലതും അന്യംനിന്നു. ഗ്രാമീണതയുടെ ഭാഗമായിരുന്ന ഇത്തരം ആലകളുടെ യാതന പൂർണമായ ജീവിത പശ്ചാത്തലത്തിലേക്കിറങ്ങിച്ചെന്ന് പഠനം നടത്തിയ രണ്ട് കുട്ടികളുടെ നിർദേശങ്ങൾക്ക് ബാലശാസ്ത്ര കോൺഗ്രസ് അംഗീകാരം നൽകി.
പേരൂർ എം.എം യു.പി.എസിലെ വിദ്യാർഥിനികളായ ശ്രീനന്ദ, ആഭിയ എന്നിവരാണ് ആലകളുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്താനായി പ്രോജക്ടുമായി എത്തിയിരിക്കുന്നത്. നഗരൂർ, മടവൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ നാശോന്മുഖമായി കൊണ്ടിരിക്കുന്ന ആലകൾ സന്ദർശിച്ച് പഠനം നടത്തി ആലകളെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള നിർദേശങ്ങൾ പങ്കുവെച്ച ഏഴാം ക്ലാസുകാരികളുടെ പഠനം സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്കുള്ള പ്രോജക്ടായി തെരഞ്ഞെടുത്തു.
ഇവർ അവതരിപ്പിച്ച പ്രോജക്ടിന് ജില്ല ബാല ശാസ്ത്ര കോൺഗ്രസിൽ പുരസ്കാരവും ലഭിച്ചു. വിവിധ പഞ്ചായത്തുകളിലെ നാശോന്മുഖമായ 24 ആലകൾ സന്ദർശിച്ചും പ്രദേശത്തെ എൺപതോളം കർഷകരെ നേരിട്ട് കണ്ടുമാണ് കുട്ടികൾ പ്രോജക്ട് തയാറാക്കിയത്. ആലകൾക്കാവശ്യമായ മരക്കരിയുടേയും ചിരട്ടകളുടേയും ലഭ്യതക്കുറവ്, തുച്ഛമായ കൂലി, പരമ്പരാഗത ആലകളിലെ പൊടിയും പുകയും മൂലമുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ, യുവതലമുറക്ക് ആലപ്പണിയോടുള്ള വിമുഖത തുടങ്ങി നിരവധി വിഷയങ്ങൾ ആലകളുടെ തകർച്ചക്ക് വഴിയൊരുക്കിയതായി ഇവർ കണ്ടെത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആലകൾക്കായി പ്രത്യേക പദ്ധതി രൂപവത്കരിച്ച് ഈരംഗത്ത് മിനിമം കൂലിയും തൊഴിൽ ലഭ്യതയും ഉറപ്പുവരുത്തുക, ഉലയിൽ നിന്നുള്ള കരിയും പുകയും കുറക്കാനും മരക്കരിയുടെ ക്ഷാമം മറികടക്കാനും എൽ.പി.ജിയിൽ പ്രവർത്തിക്കുന്ന ഉല നിർമിക്കാനാവശ്യമായ സഹായധനം സബ്സിഡിയായി നൽകുക, ജീർണാവസ്ഥയിലുള്ള ആലകൾ നവീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ പണിയായുധങ്ങളെ അടക്കം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആലകളുമായി ബന്ധിപ്പിച്ച് സ്ഥിരജോലിയും വരുമാനവുമുള്ള ഒരു മേഖലയാക്കി ഇവയെ മാറ്റുകയെന്നതടക്കമുള്ള നിരവധിയായ നിർദേശങ്ങളാണ് പ്രോജക്ടിലുള്ളത്.
വിശദമായ പ്രോജക്ട് റിപ്പോർട്ട് കുട്ടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളിക്ക് സമർപ്പിച്ചു. അധ്യാപിക ദീപാറാണി ആയിരുന്നു പ്രോജക്ട് ഗൈഡ്. മടവൂർ, കിളിമാനൂർ, നഗരൂർ പഞ്ചായത്ത് പ്രസിഡൻറുമാർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.