വയോധികരിൽ മൂന്നു ശതമാനത്തിന് മറവിരോഗമെന്ന് പഠനം
text_fieldsതൃശൂർ: കേരളത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ മൂന്നു ശതമാനത്തോളം പേർ മറവിരോഗത്താൽ (അൽഷൈമേഴ്സ്) വലയുന്നെന്ന് അൽഷൈമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എ.ആർ.ഡി.എസ്.ഐ) പഠനം. അൽഷൈമേഴ്സ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. കേരള സർക്കാർ സാമൂഹികനീതി വകുപ്പ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, എ.ആർ.ഡി.എസ്.ഐ എന്നിവ കൈകോർത്ത് 'സ്മൃതിപഥം' എന്ന സംരംഭം നടത്തിവരുന്നുണ്ട്.
ഇവരുടേതായി രോഗീപരിചരണ കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ നിലവിലുണ്ട്. കേരളത്തിൽ 2.16 ലക്ഷത്തിലധികം മറവിരോഗബാധിതരുണ്ടെങ്കിലും വെറും 10 ശതമാനത്തിനു മാത്രമേ രോഗനിർണയവും പരിചരണവും ലഭിക്കുന്നുള്ളൂ. രോഗം തിരിച്ചറിയാത്തത് കുടുംബകലഹത്തിനും നിയമനടപടികൾക്കും വരെ കാരണമാകുന്നത് സാധാരണമാണ്. പൊലീസ് സ്റ്റേഷനിലും സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ട്രൈബ്യൂണലുകളിലും വരുന്ന കേസുകളിൽ ചെറിയ ശതമാനമെങ്കിലും ഇത്തരം മറവിരോഗം കാരണമാണെന്ന് സൈക്യാട്രിക് സോഷ്യൽ വർക്കർ കൂടിയായ മാർഷൽ സി. രാധാകൃഷ്ണൻ പറയുന്നു.
ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ ദേശീയ ശരാശരി 62 വയസ്സാണെങ്കിൽ കേരളത്തിന്റേത് 72 -74 ആണ്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗസാധ്യത വർധിച്ചുവരുന്നതായി കാണാം.
85ന് മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും അൽഷൈമേഴ്സ് വരാൻ സാധ്യതയുണ്ട്. ചില കുടുംബങ്ങളിൽ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അൽഷൈമേഴ്സ് ബാധിതർ കൂടുതൽ.
രോഗത്തെക്കുറിച്ച ശരിയായ വിവരങ്ങൾ, രോഗിയുടെ സവിശേഷതകൾ എന്നിവ ഉൾക്കൊണ്ട് ശരിയായ പരിചരണം ഉറപ്പാക്കൽ അതിപ്രധാനമാണ്. ഇതിനു വിദഗ്ധരുടെ സഹായം തേടണം. അൽഷൈമേഴ്‌സ് രോഗബാധിതരും ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള സഹായങ്ങളും സാന്ത്വനങ്ങളും അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.