നെയ്യാർ ഡാമിലെ സ്റ്റണ്ടിങ്; യുവാവിന്‍റെ കാലൊടിഞ്ഞ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്
text_fieldsകാട്ടാക്കട (തിരുവനന്തപുരം): നെയ്യാർഡാമിൽ ബൈക്ക് സ്റ്റണ്ടിങ്ങിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന്‍റെ കാലൊടിഞ്ഞ സംഭവത്തിൽ നാട്ടുകാരായ രണ്ടുപേർക്കെതിരെ നെയ്യാർഡാം പൊലീസ് കേസെടുത്തു. നെയ്യാർഡാം സ്വദേശികളായ ലാലു (30), അനീഷ് (32) എന്നിവർക്കെതിരെയാണ് കേസ്.
അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള റേസിങ് ബൈക്ക് ഓടിച്ചിരുന്ന വട്ടിയൂര്‍ക്കാവ് നെട്ടയം പാപ്പാട് തേജസ് നഗറിൽ ഉണ്ണികൃഷ്ണന്‍റെ (22) ബന്ധുവിന്‍റെ പരാതിയിലാണ് നടപടി. ഉണ്ണികൃഷ്‌ണൻ ഓടിച്ചിരുന്ന ബൈക്കിൽ മറ്റു രണ്ടുപേരും ഓടിച്ച ബൈക്ക് ബോധപൂർവം ഇടിപ്പിക്കുകയിരുന്നുവെന്നും തുടർന്ന് കൈയേറ്റം ചെയ്തുവെന്നുമാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
നെയ്യാർഡാം റിസർവോയറിന് സമീപം പന്ത റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടം. ബൈക്ക് റേസിങ്ങിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കാട്ടാക്കട പൊതുചന്തക്ക് സമീപം നാട്ടുകാരെ വിറപ്പിച്ച് ബൈക്ക് സ്റ്റണ്ടിങ് നടത്തിയിരുന്നു.
കാട്ടാക്കട - കിള്ളി - കൂന്താണി റോഡ്, തൂങ്ങാംപാറ - കണ്ടല റോഡ്, നെയ്യാർഡാം റോഡുകളിൽ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്ന് പ്രദേശത്തുകാർ പറയുന്നു. പലപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുറത്തറിയാറില്ല.
വഴി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ നടക്കുന്ന അഭ്യാസ പ്രകടനം ഭീതിയുണ്ടാക്കുന്നതാണ്. ഈ അഭ്യാസങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു ഫോളോവേഴ്സിനെ ഉണ്ടാക്കുന്നതാണ് പ്രധാന പരിപാടി.
പലതരം പേരുകളിൽ നിരവധി ഫോളോവേഴ്സുള്ള സംഘങ്ങളാണ് ഗ്രാമങ്ങളിലെ റോഡുകളിൽ ഇപ്പോൾ ബൈക്ക് അഭ്യാസവുമായി എത്തിയിട്ടുള്ളത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പോ പൊലീസോ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.