സബ് കലക്ടറെ ‘മെരുക്കാൻ’ സമ്മർദവുമായി സി.പി.എം
text_fieldsതൊടുപുഴ: മരവിപ്പിച്ച മൂന്നാർ ഒഴിപ്പിക്കൽ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ദേവികുളം സബ്കലക്ടറെ പാർട്ടിയുടെ വഴിയെ കൊണ്ടുവരാനടക്കം ലക്ഷ്യമിട്ട് സി.പി.എം കരുനീക്കം. പാർട്ടിയുമായി സഹകരിക്കാത്തതിെൻറപേരിൽ സബ് കലക്ടറെ സ്ഥലംമാറ്റിയുള്ള പരിഹാരക്രിയ വിവാദം ഉണ്ടാക്കിയേക്കാമെന്നതിനാൽ തൽക്കാലം ഇൗ നീക്കം ഒഴിവാക്കി സമ്മർദത്തിലാക്കിയും സമന്വയത്തിലൂടെയും പാർട്ടി താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.
ഇതിെൻറഭാഗമായി രണ്ടുദിവസം മുമ്പ് എസ്. രാജേന്ദ്രൻ എം.എൽ.എ മൂന്നാർ െഗസ്റ്റ് ഹൗസിൽ സബ് കലക്ടറുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ കീഴിൽവരുന്ന സിവിൽ സർവീസിെൻറ കാര്യത്തിൽ പാർട്ടിക്ക് റോളുണ്ടാകുമെന്നും പ്രദേശവാസികളുടെ സഹകരണത്തോടെെയ ഒഴിപ്പിക്കൽ സാധ്യമാകൂവെന്നും അദ്ദേഹം സബ് കലക്ടറെ ധരിപ്പിച്ചു. കാലങ്ങളായി താമസമാക്കിയവരെയും കൈയേറ്റക്കാരെയും ഒരുപോലെ കണ്ട് ചട്ടം മാത്രം നോക്കി നടപടിയെടുത്തുകൂടാ. അനിവാര്യമായ ഒഴിപ്പിക്കൽ നിശ്ശബ്ദമായി നടത്താമെന്നും അതേസമയം, ഇടിച്ചുനിരത്തൽ രീതി അവലംബിക്കരുതെന്നുമാണ് പ്രധാന നിർദേശം. ഇക്കാര്യത്തിൽ ഉടൻ സർക്കാർ നിർദേശമുണ്ടാകും.
കൈയേറ്റങ്ങളിൽ ഒഴിപ്പിക്കൽ നിയമപരമായി അനിവാര്യമായവ അസൈൻമെൻറ് കമ്മിറ്റിയിൽ കൂടിയാലോചിച്ച് തീരുമാനമെടുത്ത് നടപ്പാക്കുന്നത് പരാതിക്ക് ഇടനൽകാതെയും എതിർപ്പില്ലാതെയും കാര്യങ്ങൾ പോകുന്നതിന് സഹായിക്കും. ഇത് സർക്കാറിനും ഗുണകരമാകും. ഇൗ നിർദേശം റവന്യൂ മന്ത്രിയെ ധരിപ്പിച്ചതും എം.എൽ.എ പങ്കുവെച്ചു. ഭരണ--പ്രതിപക്ഷ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെട്ടതാണ് അസൈൻമെൻറ് കമ്മിറ്റി. സബ് കലക്ടറെ സ്ഥലംമാറ്റുന്നതിന് സാധ്യത ആരാഞ്ഞ് ഇടുക്കിയിലെ സി.പി.എം നേതാക്കൾ കഴിഞ്ഞദിവസവും മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. മന്ത്രി എം.എം. മണി സബ് കലക്ടർക്കെതിരെ കത്തിക്കയറിയശേഷം തീർത്തും ‘ശത്രുപക്ഷ’ത്തായ സബ് കലക്ടർക്ക് ഭരണപരമായ മൃദുസമീപനം വാഗ്ദാനം െചയ്യാനും എം.എൽ.എ തയാറായതായാണ് വിവരം.
നിർദേശങ്ങൾ കേട്ടിരുന്ന സബ് കലക്ടർ, നിയമം വിട്ടല്ലാതെ സഹകരിക്കുമെന്ന് മറുപടിനൽകി. മറ്റു കാര്യങ്ങളിൽ പ്രത്യേകമായൊന്നും പ്രതികരിച്ചില്ലെന്നാണ് സൂചന. തനിക്കുമേൽ സമ്മർദമില്ലെന്നും കൂടിക്കാഴ്ചയിലെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും നയപരമായ കാര്യങ്ങൾ സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, മെരുങ്ങുന്നില്ലെങ്കിൽ ഭരണപരമായി സമ്മർദത്തിലാക്കാനും പാർട്ടി തയാറായേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.