അട്ടപ്പാടി വെള്ളകുളത്തെ ആദിവാസി ഭൂമി കൈയേറിയെന്ന പരാതിയിൽ സബ് കലക്ടറുടെ നോട്ടീസ്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ വെള്ളകുളത്ത് ആദിവാസി ഭൂമി കൈയേറിയെന്ന് പരാതിയിൽ ഒറ്റപ്പാലം സബ് കലക്ടർ ഡോ. മിഥുന്‍ പ്രേംരാജ് നോട്ടീസ് നൽകി. വെള്ളകുളം ആദിവാസി ഊരിലെ രാമി, രങ്കി എന്നിവർ നൽകിയ പരാതിയിലാണ് വാചിരണ നടത്താൻ നോട്ടീസ് അയച്ചത്. ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റിന് സാമൂഹിക പ്രവർത്തകനായി സുകുമാരൻ അട്ടപ്പാടിയും പരാതി അയച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വിചാരണ നടത്തുന്നതെന്ന് നോട്ടീസിൽ പറയുന്നു. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചത്.
ഈ മാസം 20 ന് ഒറ്റപ്പാലം സബ് കല്ക്ടറുടെ ഓഫിസിൽ പരാതിക്കാർ നേരിട്ട് എത്തണമെന്നാണ് നോട്ടീസ്. ആദിവാസി ഭൂമി കൈയേറിയെന്ന് ആരോപണം നേരിടുന്ന സദാനന്ദ രംഗരാജിനും നോട്ടീസ് അയച്ചിട്ടുണ്ട്. രാമിയും രങ്കിയും നൽകിയ പരാതിയിൽ വിചാരണ നടത്താതെയാണ് ഒറ്റപ്പാലം മുൻ സബ് കലക്ടർ ഡി. ധർമലശ്രീ സദാനന്ദ രംഗരാജിന് അനുകൂലമായി ഉത്തരവിട്ടത്. തുടർന്ന് പൊലീസ് സംരക്ഷണയിൽ ഭൂമി പിടിച്ചെടുത്തത് വിവാദമായിരുന്നു.
കോയമ്പത്തൂർ ചിന്നത്തടം സ്വദേശി മുത്തമ്മാളിൽനിന്ന് ഭൂമിയുടെ പവർ ഓഫ് അറ്റോർനി വാങ്ങിയ സദാനന്ദ രംഗരാജ് ഹൈകോടതിയിലും ഹരജി നൽകിയിരുന്നു. സർവേ ആൻഡ് ബൗണ്ടറി ചട്ടപ്രകാരം ഹരജിക്കാരൻ (സദാനന്ദ രങ്കരാജ് )സമർപ്പിച്ച അപേക്ഷയിൽ വേഗത്തിൽ പരിഗണിക്കണമെന്നും സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസിൽ ആദിവാസികളായ രാമി, രങ്കി എന്നിവരെയും സുകുമാരൻ അട്ടപ്പാടിയെയും ഹൈകോടതി വിളിപ്പിച്ചിരുന്നു. ഈ കേസ് തുടരുകയാണ്.
ഷോളയൂർ വില്ലേജിൽ വെള്ളകുളത്ത് 1816/3 സർവേ നമ്പറിൽ രങ്കിയുടെ പേരിൽ 2018-19 ൽ 6. 15 ഏക്കർ( രണ്ട് ഹെക്ടർ 49 ആർ) ഭൂമിക്ക് നികുതി അടച്ച രസീത് ഉണ്ടെന്നും 2019 ഫെബ്രുവരി 25ന് 1312 രൂപയാണ് നികുതി അയച്ചുവെന്നും രങ്കിയും രാമിയും സബ്കലക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2023-24 വർഷത്തിലെ ഭൂ നികുതി 2250 രൂപ സെപ്തംബർ 19ന് അയച്ച രസീതും കൈവശമുണ്ട്. അതുപോലെ രാമിക്കും സർവേ 1816/ 1 ൽ ഭൂമിയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടു പേർക്കും കൂടി 11 ഏക്കർ ഭൂമിയുണ്ടാണ് ആദിവാസികൾ പരാതിയിൽ അവകാശപ്പെടുന്നത്.
പാരമ്പര്യമായി ആദിവാസികൾ കൃഷി ചെയ്തുപോകുന്ന ഭൂമി തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുനിന്ന് അട്ടപ്പാടിലെത്തി താമസിക്കുന്ന വെങ്കിട്ടരാമ കൗണ്ടരുടെ പേരക്കുട്ടി ഈ സ്ഥലങ്ങൾ അവരുടെതാണ് അവകാശപ്പെട്ട് സ്ഥലം അളന്നു. ആദിവാസികളായ നാലു വീടുകാരോടും ഒഴിഞ്ഞ് പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥലം അവരുടേതാണെന്ന ബോർഡും വെച്ചു.
ഷോളയൂർ പഞ്ചായത്ത് ആറാം വാർഡ് അംഗമായ രവി, പഴയ മെമ്പറായ സെൽഫി, വെള്ളകുളത്ത് താമസിക്കുന്ന രാമസ്വാമി എന്നിവരും ചേർന്നാണ് തമിഴ്നാട്ടുകാരനെ കൂട്ടിക്കൊണ്ടു വരികയും സ്ഥലം വിട്ടുകൊടുക്കാൻ പറയുകയും ചെയ്തത്. ഇവരെല്ലാം ചേർന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പുതിയ സബ് കലക്ടറിൽനിന്ന നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് രങ്കി ‘മാധ്യമം’ ഓൺ ലൈനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.