ഭൂമി തരംമാറ്റൽ: സജീവന്റെ അപേക്ഷയിൽ കാലതാമസം വന്നിട്ടില്ലെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്
text_fieldsകൊച്ചി: പറവൂർ മൂത്തകുന്നത്ത് ആത്മഹത്യ ചെയ്ത സജീവന് ഭൂമി തരം മാറ്റത്തിന് സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ട്കൊച്ചി സബ് കലക്ടർ ജില്ല കലക്ടർ ജാഫര്‍ മാലിക്കിന് റിപ്പോര്‍ട്ട് നല്കി. ഭൂമി തരംമാറ്റലിന് 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ അപേക്ഷ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കാൻ അന്നുതന്നെ മൂത്തകുന്നം വില്ലേജ് ഓഫിസിലേക്ക് കൈമാറി. വില്ലേജ് ഓഫിസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.
വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലെ അപാകത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് ഒക്ടോബർ നാലിന് വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെത്തുടർന്ന് ആ മാസം 27ന് നിലവിലെ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്കി കത്തയച്ചു. എന്നാൽ, ഇതിനോട് സജീവന് പ്രതികരിച്ചില്ല. പിന്നീട് ഹൈകോടതി ഉത്തരവിന്റെയും സർക്കുലറിന്റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റലിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതുപ്രകാരമുള്ള ഫീസിളവിനും സജീവന് അപേക്ഷിച്ചില്ല.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് 20,000ഒാളം അപേക്ഷയാണ് തീര്‍പ്പാക്കാനായി ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ അവശേഷിക്കുന്നത്. ഇവ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക അദാലത്തിലൂടെ തീര്പ്പാക്കിവരുകയാണ്. സജീവന്റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉള്‍പ്പെട്ടിരുന്നില്ല.
ആദ്യം സമർപ്പിച്ച അപേക്ഷക്കുപുറമെ ഇതേ ആവശ്യത്തിന് മറ്റൊരു അപേക്ഷകൂടി സജീവന് സമർപ്പിച്ചിരുന്നു. ആദ്യ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.