സമസ്തയില്‍ തര്‍ക്കപരിഹാരത്തിന് ഉപസമിതി രൂപവത്കരിച്ചു
text_fieldsകോഴിക്കോട്: സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ ഉപസമിതി. ചൊവ്വാഴ്ച കോഴിക്കോട് ചേർന്ന മുശാവറ യോഗമാണ് സമസ്ത ഭാരവാഹികളടങ്ങുന്ന ഉപസമിതിയെ നിശ്ചയിച്ചത്.
സമസ്ത വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാർ സമിതിയുടെ ഏകോപനം നിർവഹിക്കും. പാണക്കാട് സാദിഖലി തങ്ങളെ അപമാനിച്ച മുക്കം ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യവും സുപ്രഭാതം പത്രത്തിന്റെ നിലപാടുകൾക്കെതിരായ പരാതിയും ഹമീദ് ഫൈസി അമ്പലക്കടവിനെതിരായ സൗദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ പരാതിയും സമിതി പരിശോധിക്കും.
സമസ്ത ആദർശ സംരക്ഷണ സമിതി രൂപവത്കരിച്ച് അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി വേണമെന്ന മറുവിഭാഗത്തിന്റെ പരാതിയും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ പരാമർശത്തിൽ അദ്ദേഹം പാണക്കാട് പോയി സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞ് പ്രശ്നം തീർക്കണമെന്ന നിർദേശവും യോഗത്തിലുണ്ടായതാണ് വിവരം. പാണക്കാട് പോയിതന്നെ ക്ഷമാപണം നടത്തേണ്ടതുണ്ടോ, ഇവിടന്ന് നടത്തിയാൽ പോരേ എന്ന് എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ ചോദിച്ചെങ്കിലും അങ്ങനെത്തന്നെ വേണമെന്ന നിർദേശമാണുണ്ടായത്.
പുതിയ ഉപസമിതി ഉണ്ടാക്കാനുള്ള മുശാവറ തീരുമാനത്തോടെ സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി നേരത്തേ ഉണ്ടായിരുന്ന ഉപസമിതി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. സി.ഐ.സി പ്രശ്നത്തിൽ സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ജിഫ്രി തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, എം.ടി. അബ്ദുല്ല മുസലിയാർ എന്നിവരടങ്ങിയ ഉപസമിതി പ്രവർത്തിച്ചിരുന്നത്. സി.ഐ.സിക്ക് പുറമെ മറ്റു പ്രശ്നങ്ങളിലും ഈ ഉപസമിതി ഇടപെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടുന്ന ഉപസമിതിയുമായി സഹകരിക്കുന്നതിൽ ലീഗ് വിരുദ്ധർ വിമുഖത പ്രകടിപ്പിച്ചതിനാൽ മറ്റു വിഷയങ്ങളിലുള്ള സമിതിയുടെ ചർച്ച നടന്നില്ല.
ഇതിനിടയിലാണ് ലീഗ് അനുകൂലികൾ സമസ്ത ആദർശ സംരക്ഷണ സമിതി രൂപവത്കരിച്ച് സമാന്തര പ്രവർത്തനവുമായി മുന്നോട്ട് പോയത്. സമസ്ത മുശാവറയുടെ ഇടപെടലിനെതുടർന്ന് ഇവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും സമ്മേളനങ്ങൾ ചേരാനും വിപുലമായ കമ്മിറ്റികൾ രൂപവത്കരിക്കാനുമുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
സമൂഹമാധ്യമങ്ങളിൽ ഭിന്നിപ്പുണ്ടാക്കരുത് -സമസ്ത മുശാവറ
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലും മറ്റും അനാവശ്യ ചര്‍ച്ചകള്‍ നടത്തി പരസ്പരം വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കുന്നതായ പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ യോഗം അഭ്യർഥിച്ചു. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിച്ച് മുന്നോട്ടുപോവാന്‍ തീരുമാനിച്ചതായും ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ വാർത്തകുറിപ്പിൽ അറിയിച്ചു. സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസ സമിതിക്ക് രൂപം നൽകും.
2026 ഫെബ്രുവരി ആറ് മുതൽ മൂന്നുദിവസം നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കണ്വെന്ഷന് അടുത്ത ഫെബ്രുവരി ആറിന് കോഴിക്കോട് നടത്തും. ജില്ല, മണ്ഡലം തല സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചു. നൂറാം വാര്‍ഷികത്തിന്റെ സ്മാരകമായി അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും. ദേശീയ ഹനഫീ പണ്ഡിത സംഗമം നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കെ ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.