നാളെ മുതല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ പണമുക്തം
text_fieldsതിരുവനന്തപുരം: ആധാര രജിസ്ട്രേഷനുകളുടെ ഫീസ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പണമായി സ്വീകരിക്കില്ല. എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇ-പേമെന്‍റ് സംവിധാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍വരും. രജിസ്ട്രേഷന്‍ ഫീസ് ഇ-പേമെന്‍റായോ ട്രഷറിയിലോ അടച്ചാല്‍ മാത്രമേ ഇനി രജിസ്ട്രേഷന്‍ നടക്കൂ. വസ്തുകൈമാറ്റ ആധാരങ്ങള്‍ മുതല്‍ പണയാധാരങ്ങള്‍ക്ക് വരെയുള്ള എല്ലാ രജിസ്ട്രേഷനുമുള്ള ഫീസുകളും ഇത്തരത്തിലടയ്ക്കണം.
ഓണ്‍ലൈനായി പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ട്രഷറി വഴി അടയ്ക്കുകയേ മാര്‍ഗമുള്ളൂ. ട്രഷറി വഴി അടയ്ക്കാനൊരുങ്ങിയാല്‍ ജനം വലയും. സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പോയശേഷം കിലോമീറ്ററുകള്‍ അകലെയുള്ള ട്രഷറിയില്‍ പണം അടയ്ക്കാനായി പോകേണ്ടിവരും. 100 രൂപ ഫീസ് അടയ്ക്കേണ്ട മുക്ത്യാര്‍, ഒഴിവുകുറി, 500 രൂപ ഫീസ് അടയ്ക്കേണ്ട വില്‍പത്രം തുടങ്ങിയ ആധാരങ്ങള്‍ക്ക് വരെ ട്രഷറിയില്‍ പോയി ക്യൂനിന്ന് ഫീസ് അടയ്ക്കേണ്ടി വരും. ഇതിനുശേഷം സബ് രജിസ്ട്രാര്‍ ഓഫിസിലത്തെി രജിസ്ട്രേഷനായി കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടാകും.
അടിയന്തരമായി രജിസ്റ്റര്‍ ചെയ്യേണ്ട ആധാരങ്ങളുടെ കാര്യത്തില്‍ ഒന്നും രണ്ടും ദിവസങ്ങള്‍ കാത്തിരുന്നാലേ രജിസ്ട്രേഷന്‍ സാധ്യമാകൂ എന്ന അവസ്ഥ വരും. സംസ്ഥാനത്തെ 313 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും രജിസ്ട്രേഷന്‍ ഫീസ് ഇ-പേമെന്‍റായിക്കഴിഞ്ഞു. ശനിയാഴ്ച 164 സബ് രജിസ്ട്രാര്‍ ഓഫിസുകളിലെയും രജിസ്ട്രേഷന്‍ നടന്നത് ഇ-പേമെന്‍റും ട്രഷറി ചെലാനും വഴിയാണ്. ഇതിലേറെയും ട്രഷറിവഴിയാണ് പണമിടപാട് നടന്നത്. വൈദ്യുതി നിലച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍തന്നെ കമ്പ്യൂട്ടറുകളും മറ്റും നിലക്കുന്ന സബ് രജിസ്ട്രാര്‍ ഓഫിസുകളാണ് സംസ്ഥാനത്തുള്ളത്.
ഓണ്‍ലൈന്‍വഴി ഫീസ് അടയ്ക്കുന്ന സംവിധാനം നിലവില്‍ വരുന്നതോടെ സെര്‍വര്‍ തകരാറോ നെറ്റ് തടസ്സമോ ഉണ്ടായാല്‍ രജിസ്ട്രേഷന്‍ സ്തംഭിക്കും.
ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും പകര്‍പ്പുകള്‍ക്കും നിലവില്‍ ഫീസ് ഈടാക്കുന്ന സംവിധാനം വസ്തുകൈമാറ്റ രജിസ്ട്രേഷനുംകൂടി നടപ്പാക്കിയാല്‍ ആധാരങ്ങളുടെ രജിസ്ട്രേഷന്‍ സുഗമമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.