സുബൈദ യാത്രയായി; സുഭദ്രയെ തനിച്ചാക്കി
text_fieldsആലുവ: രണ്ട് പതിറ്റാണ്ടിലധികമായി നിഴൽ പോലെ കൂടെയുണ്ടായിരുന്ന സുഭദ്രയെ തനിച്ചാക്കി സുബൈദ യാത്രയായി. ഇരട്ട സഹോദരിമാരെപോലെ ജീവിച്ചിരുന്ന സുബൈദ, സുഭദ്ര എന്നീ വയോധികരിൽ ഉളിയന്നൂർ കടവത്ത് വീട്ടിൽ സുബൈദ (74) ഞായറാഴ്ചയാണ് നിര്യാതയായത്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ കടയിൽ രാമസ്വാമിയും ഭാര്യ സുഭദ്രയും ഏകദേശം 25 വർഷം മുമ്പാണ് ആലുവയിലെത്തുന്നത്. ഇവരുടെ ഏകമകൻ ഗുരുതരമായ അസുഖത്തെ തുടർന്ന് മരിച്ചു. ഇതിനിടയിൽ മകെൻറ ചികിത്സക്കായി കിടപ്പാടംവരെ വിൽക്കേണ്ടിവന്നു. മകെൻറ മരണത്തോടെ മാനസികമായി തകർന്ന ഇരുവരും നാടുപേക്ഷിച്ച് യാത്ര തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ആലുവയിൽ എത്തിപ്പെട്ടത്.
സ്വർണപ്പണിക്കാരനായിരുന്ന രാമസ്വാമി ആ തൊഴിൽ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. തുടർന്ന് പരേതനായ കടവത്ത് മമ്മു കുഞ്ഞിെൻറ ഭാര്യ സുബൈദയുടെ വീടിനോട് ചേർന്ന്, ഇവരുടെ തന്നെ വാടകവീട്ടിൽ താമസവും തുടങ്ങി. അന്നുമുതൽ സുബൈദയും സുഭദ്രയും കൂട്ടുകൂടിയതാണ്. അസുഖങ്ങൾ മൂലം രാമസ്വാമിക്ക് സ്വർണപ്പണി ചെയ്യാൻ പറ്റാതായി. ഇതിനിടയിൽ സുഭദ്ര അരി മില്ലിൽ പണിക്കുപോയി. പിന്നീട് ശ്വാസംമുട്ടൽ മൂലം പണിക്ക് പോകാൻ ബുദ്ധിമുട്ടായി. സുഭദ്രയുടെ ഭർത്താവ് രാമസ്വാമി ഇതിനിടെ മരണപ്പെട്ടു.
ഒറ്റപ്പെട്ട സുഭദ്രയെ സുബൈദ തെൻറ വീട്ടിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. അന്ന് തുടങ്ങിയ സഹോദര ബന്ധം സുബൈദയുടെ അവസാന നിമിഷം വരെ തുടർന്നുപോന്നു. കടവത്ത് വീട്ടിൽ കാരണവരുടെ സ്ഥാനത്ത് സുബൈദ എന്ന ഉമ്മയുടെ അതേ സ്ഥാനത്ത് സുഭദ്രയെന്ന ഒരു 'അമ്മ'ക്കുകൂടി സുബൈദയുടെ മക്കൾ സ്ഥാനം നൽകി. സുബൈദയുടെ എല്ലാ പേരക്കുട്ടികളും സുഭദ്രയുടെയും വാത്സല്യമേറ്റാണ് വളർന്നത്. ആ സ്നേഹം ഇന്നും കുട്ടികൾക്ക് സുഭദ്രയോടുണ്ട്.
സുബൈദയെയും സുഭദ്രയെയും അപൂർവമായി മാത്രമാണ് ഒറ്റക്കൊറ്റക്ക് കാണുക. എപ്പോഴും ഇരുവരും ഒന്നിച്ചുണ്ടാകും. ഒരു മുറിയിലായിരുന്നു വർഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്നതും ഒന്നിച്ചാണ്. പരസ്പരം താങ്ങായാണ് ഇവർ ജീവിച്ചിരുന്നത്. ആശുപത്രിയിൽ പോകുന്നതും ഒരുമിച്ച്. അതിനാൽ തന്നെ ഏവർക്കും ഇവരെ സുപരിചിതമാണ്. ഇനി സുബൈദയില്ലാത്ത ലോകത്ത് താൻ തനിച്ചാകുമല്ലോയെന്ന വേദനയിലാണ് സുഭദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.