സുബൈദ വധം: പ്രതിക്ക് ജീവപര്യന്തം
text_fieldsകാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദറിനെയാണ് (34) ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ഐ.പി.സി 302 വകുപ്പ് (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കണം. ഐ.പി.സി 452 വകുപ്പ് (ഭവനഭേദനം) പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവ് അനുഭവിക്കണം. ഐ.പി.സി 394 (മോഷണം) പ്രകാരം 10 വര്‍ഷം കഠിനതടവും 25000 രൂപയുമാണ് ശിക്ഷ. ആകെ ഒരുലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
കേസിലെ മൂന്നാംപ്രതി മാന്യയിലെ കെ. അബ്ദുൽ ഹര്‍ഷാദിനെതിരെയുള്ള കുറ്റം തെളിയിക്കാനാവാത്തതിനാൽ വിട്ടയച്ചു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് (34) ഒളിവിലാണ്. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതി ബാവ അസീസിനെ കേസിൽ മാപ്പുസാക്ഷിയാക്കി. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍, പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളുമുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും അബ്ദുൽ ഖാദര്‍ അഭ്യര്‍ഥിച്ചു.
എന്നാല്‍, പ്രതിക്ക് കടുത്ത ശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2018 ജനുവരി 17നാണ് സുബൈദയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.