വായിൽ ആയുധം കുത്തിക്കയറ്റി, എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി
text_fieldsകൊടുങ്ങല്ലൂർ: മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച രണ്ടോടെ ആയുധങ്ങളുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്.
അക്രമി കത്തിയെടുത്തപ്പോൾ ആദ്യം ഭയന്നെങ്കിലും തളരാതെ അവർ പിടിച്ചുനിന്നു. കുത്തേറ്റ് രക്തം വാർന്നൊഴുകാൻ തുടങ്ങിയിട്ടും ആ വീട്ടമ്മ പതറിയില്ല. ഒച്ചവെച്ചതോടെ അക്രമികൾ കൈയിലുണ്ടായിരുന്ന ആയുധം വായിൽ കുത്തിക്കയറ്റി. ഇതിനിടെ നിലത്ത് വീണെങ്കിലും ധൈര്യം വീണ്ടെടുത്ത് ഒച്ചവെക്കുകയായിരുന്നു. ഇതോടെ അക്രമികൾ രക്ഷപ്പെട്ടു. ഉടൻ എഴുന്നേറ്റ് അടുക്കളയുടെ ജനൽ തുറന്ന് അയൽവാസികളെ വിളിച്ചു. കേൾക്കാതെയായപ്പോൾ മുൻഭാഗത്ത് വന്ന് ഉച്ചത്തിൽ വിളിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന സുബൈദ പറഞ്ഞു.
ഓടിയെത്തിയ അയൽവാസികൾ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന സുബൈദയെയാണ്. അടുക്കളയിലും മുറികളിലും വരാന്തയിലുമെല്ലാം രക്തമായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
അതേസമയം, പ്രദേശത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേർ തന്നെയാണ് കേസിൽ പ്രതികളെന്നാണ് സൂചന. വിവിധ കേസുകളിൽ പ്രതികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും.
ചവിട്ടേറ്റ ഹമീദ് താഴെ വീണ് ബോധരഹിതനായി
അർധരാത്രി ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന വീട്ടുകാർ പുറത്ത് ആരെയും കാണാതായതോടെ അകത്തേക്ക് കയറുന്നതിനിടെയാണ് വരാന്തയുടെ അരികിലെ മുറിയിൽ ഒളിച്ചിരുന്ന രണ്ടുപേർ ആക്രമിച്ചത്. ആദ്യം ചവിട്ടേറ്റ ഹമീദ് താഴെ വീണ് ബോധരഹിതനായി. സുബൈദയെ കഴുത്തിൽ ഇലക്ട്രിക് വയർ ചുറ്റി അപായപ്പെടുത്താനായി അടുത്ത ശ്രമം. ഇതിനിടെ നിലത്തുവീണ അവരുടെ ശിരസ്സിൽ പലവട്ടം കുത്തി മുറിവേൽപിച്ചു. തുടർന്നാണ് ആയുധം വായിൽ കുത്തിക്കയറ്റിയത്.
സുബൈദ ഒച്ചവെച്ചതോടെ വീടിെൻറ പിൻവാതിൽ തുറന്ന് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സുബൈദയുടെ തലയിൽ പലയിടങ്ങളിലും കുത്തി മുറിവേൽപിച്ച നിലയിലാണ്. രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. കൈകളിലും പരിക്കുണ്ട്. ചവിട്ടേറ്റതിെൻറ ആഘാതത്തിൽ ഹമീദിെൻറ വാരിയെല്ലിന് ഒടിവുണ്ട്.
മതിലകം പൊലീസും ഇരിങ്ങാലക്കുടയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി സംഭവസ്ഥലത്തെത്തി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണെന്നും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.