സുഭദ്രയെ കൊന്നത് മയക്കി ആഭരണങ്ങൾ ഊരിയെടുത്തശേഷം; കൊലപാതകം പണത്തിനുവേണ്ടിയെന്ന് ജില്ല പൊലീസ് മേധാവി
text_fieldsആലപ്പുഴ: കലവൂർ മണ്ണഞ്ചേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ എറണാകുളം കടവന്ത്ര സ്വദേശി സുഭദ്രയെ (73) മയക്കുമരുന്ന് നൽകി ആഭരണങ്ങൾ ഊരിയെടുത്തശേഷം ആഗസ്റ്റ് ഏഴിന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി. ബോധംവന്നപ്പോൾ ആഭരണങ്ങൾ ചോദിച്ചതും പരാതി കൊടുക്കുമെന്ന് പറഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ മണ്ണഞ്ചേരിയിൽ സംഭവം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച മണിപ്പാലിൽനിന്ന് പിടിയിലായ ദമ്പതികൾ കലവൂർ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരെയും കൂട്ടുപ്രതി കാട്ടൂർ സ്വദേശി റൈനോൾഡിനെയുമാണ് റിമാൻഡ് ചെയ്തത്. തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സുഭദ്രയിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാതിരിക്കാനും സ്വർണം തട്ടിയെടുക്കാനുമായിരുന്നു കൊലപാതകം.
മയക്കാൻ ഗുളികകൾ എത്തിച്ചുകൊടുത്തത് റൈനോൾഡാണ്. മയക്കുഗുളിക കൊടുത്ത് ആദ്യം മാല ഉൾപ്പെടെയുള്ള സ്വർണം ഊരിയെടുത്തത് ആഗസ്റ്റ് നാലാം തീയതിയായിരുന്നു. ഏഴാം തീയതി പുലർച്ചയാണ് കൃത്യം നടത്തിയത്. കൊലപ്പെടുത്തിയശേഷമാണ് കമ്മലുകളും മൂക്കുത്തിയും എടുത്തത്. രണ്ടുമാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കടവന്ത്രയിലെ സുഭദ്രയുടെ വീട്ടിൽ വെച്ചും കൊലചെയ്യാൻ ശ്രമിച്ചിരുന്നു. അതു നടക്കാതെ വന്നതിനാലാണ് മണ്ണഞ്ചേരിയിലെ വീട്ടിലേക്ക് സുഭദ്രയെ കൊണ്ടുവന്നത്. അതിനും റൈനോൾഡിന്‍റെ സഹായമുണ്ടായിരുന്നു.
ദമ്പതികളെ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഡിവൈ.എസ്.പി മധു ബാബു ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽനിന്ന് മൃതദേഹം കുഴിച്ചെടുക്കുന്നതിനുമുമ്പ് നാലംഗ പൊലീസ് സംഘം ഉഡുപ്പിയിലേക്ക് സ്വകാര്യ കാറിൽ പോയിരുന്നു. ഇവർ അവിടെ നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ല. ഇതിനിടെ പൊലീസ് കൊച്ചിയിൽ ശർമിള നേരത്തേ താമസിച്ചിരുന്ന സ്ഥലത്തെ ചില പരിചയക്കാരുമായി ബന്ധപ്പെട്ട് കർണാടകയിലെ ഇവരുടെ സുഹൃത്തുക്കളുടെ വിവരം തേടി. ഇവരുമായി ബന്ധപ്പെട്ട പൊലീസ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും എറണാകുളത്തുനിന്ന് ട്രെയിൻമാർഗം മണിപ്പാലിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേതുടർന്ന് ഉഡുപ്പിയിലുണ്ടായിരുന്ന പൊലീസ് സംഘം മണിപ്പാലിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ എത്തി ഇരുവരെയും ട്രെയിനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകത്തിൽ ശർമിള ഒന്നാം പ്രതിയും മാത്യൂസ് രണ്ടാം പ്രതിയുമാണ്. റൈനോൾഡിന് കൃത്യത്തിൽ നേരിട്ട് പങ്കില്ല. എന്നാൽ, ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.