മഹാ പ്രളയത്തെ അതിജീവിച്ച് പിറവിയെടുത്ത സുബ്ഹാൻ പ്രവേശനോത്സവത്തിൽ താരമായി
text_fieldsചെങ്ങമനാട് (കൊച്ചി): 2018ലെ പ്രളയകാലത്ത് നാട്ടുകാരെ മുൾമുനയിലാക്കി സാഹസികതയിൽ പിറന്ന മുഹമ്മദ് സുബ്ഹാൻ ആദ്യാക്ഷരം കുറിക്കാൻ ചെങ്ങമനാട് ഗവ: എൽ.പി സ്കൂളിലെത്തി. ചെങ്ങമനാട് കളത്തിങ്കൽ വീട്ടിൽ ജബിൽ.കെ.ജലീലിന്റെയും ചൊവ്വര കൊണ്ടോട്ടി സ്വദേശിനി സാജിദയുടെയും ഇളയ മകനാണ് മുഹമ്മദ് സുബ്ഹാൻ.
2018ലെ പ്രളയം താണ്ഡവമാടിയ സന്ദർഭത്തിൽ പൂർണ ഗർഭിണിയായ സാജിദ ആഗസ്റ്റ് 17ന് ഉച്ചക്ക് കൊണ്ടോട്ടി ജുമാ മസ്ജിദിന് മുകളിൽ നിന്ന് നാവികസേനയുടെ ഹെലികോപ്ടറ്ററിൽ അതിസാഹസികമായി പറന്നുയർന്ന് രണ്ട് മണിക്കൂറിനകം കൊച്ചിയിലെ നേവിയുടെ സഞ്ജീവനി ഹോസ്പിറ്റലിലാണ് സുബ്ഹാന് ജന്മം നൽകിയത്.
ആറു വയസ് തികഞ്ഞതോടെയാണ് തിങ്കളാഴ്ച സുബ്ഹാനെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തത്. മാതാവ് സാജിദ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർതൃമാതാവിനൊപ്പമായതിനാൽ പിതാവ് ജബിലാണ് സുബ്ഹാനെ രാവിലെ സ്കൂളിൽ കൊണ്ടുവന്നത്. പ്രധാനധ്യാപിക ആർ.രജിനിയുടെ നേതൃത്വത്തിൽ അധ്യാപകർ മാലയും പൂച്ചെണ്ടും മധുരവും നൽകി ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.