സുഭാഷ് വാസുവിന്റെ വിമതനീക്കത്തിന് തിരിച്ചടി; മാവേലിക്കര എസ്.എൻ.ഡി.പി യൂനിയൻ പിരിച്ചുവിട്ടു
text_fieldsമാവേലിക്കര: വിമതനീക്കം ശക്തമായ മാവേലിക്കര എസ്.എൻ.ഡി.പി യോഗം യൂനിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസുവും സെക്രട്ടറി ബി. സുരേഷ് ബാബുവും ചില ജീവനക്കാരും ചേർന്ന് 12.5 കോടിയോളം രൂപ അപഹരിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ശനിയാഴ്ച രാവിലെ നാടകീയ നടപടി ഉണ്ടായത്.
മൈക്രോ ഫിനാൻസ് സ്വയംസഹായ സംഘങ്ങൾ കാലാവധിക്കുള്ളിൽ യൂനിയനിൽ അടച്ച വായ്പത്തുക യൂനിയൻ പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് ബാങ്കിൽ തിരിച്ചടക്കാതെ വകമാറ്റി ദുരുപയോഗം ചെയ്യുകയും പണം ഇരുവരും ചേർന്ന് വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടിയെന്ന് യോഗം കേന്ദ്രങ്ങൾ വിശദമാക്കി.
മൈക്രോ ഫിനാൻസ് വായ്പകൾക്ക് അധിക പലിശ ഈടാക്കിയെന്നും കണക്കുകളിൽ പെടുത്താതെ കൃത്രിമരേഖകൾ സൃഷ്ടിച്ച് തുക അപഹരിെച്ചന്നും 78ാം വാർഷിക വരവുചെലവു കണക്കിൽ മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിൽ കുറവ് കാണിച്ച് നഷ്ടം രേഖപ്പെടുത്തി തുക ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്. കൂടാതെ, മൈക്രോ ഫിനാൻസ് ഫണ്ടെന്ന വ്യാജേന കള്ളപ്പണം മാറ്റിയെടുക്കൽ തുടങ്ങിയ വേെറയും ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
സാമ്പത്തിക വെട്ടിപ്പിൽ പ്രതിഷേധിച്ച് യൂനിയൻ വൈസ് പ്രസിഡൻറ് ഷാജി എം. പണിക്കരും മൂന്ന് യോഗം ഡയറക്ടർമാരും രണ്ട് കൗൺസിൽ അംഗങ്ങളും രണ്ട് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും നേരേത്ത രാജിവെച്ചിരുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതുവരെ പന്തളം യൂനിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളിയെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി.
വെള്ളാപ്പള്ളി നടേശെൻറ വിശ്വസ്തനും വലംകൈയുമായ സിനിൽ ശനിയാഴ്ച രാവിലെ ചുമതലയേറ്റശേഷം രേഖകൾ പരിശോധിച്ച് ശാഖയോഗങ്ങൾക്ക് സർക്കുലർ അയച്ചു. െപാലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.