സുബി സുരേഷിന് ഇന്ന് വിട നൽകും: സംസ്കാരം വൈകീട്ട്
text_fieldsകൊച്ചി: ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിൽ നടക്കും. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു. പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് സുബിയുടെ രോഗാവസ്ഥയുടെ ഗുരുതര നിലയെക്കുറിച്ച് അറിയാമായിരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി തുടങ്ങിയവരുടെ സംഘത്തിലെ പെണ്‍സാന്നിധ്യമായാണ് സുബി സുരേഷിനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളവും നിരവധി വിദേശ രാജ്യങ്ങളിലെ മലയാളി വേദികളിലും ഇവര്‍ പരിപാടി അവതരിപ്പിച്ച് കൈയടി നേടി.
സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.