അമിത വൈദ്യുതി നിരക്ക്: ഇളവുമായി സർക്കാർ; അധിക ബില്ലിൽ സബ്സിഡി
text_fieldsതിരുവനന്തപുരം: അമിത വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധം കനത്തതോടെ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ബില്ലടയ്ക്കാത്ത ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ല. ബില്ലടയ്ക്കാൻ അഞ്ചു തവണയും അനുവദിക്കും. വിവിധ വിഭാഗത്തിലെ ഉപഭോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും. സാധാരണ നിലയിൽ തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മേയ് കാലം. ഇത്തവണ ലോക്ഡൗണ്‍ കൂടിയായതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു.
വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചുകൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താരിഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ ഒരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇളവുകൾ ഇങ്ങനെ
- മാസം 40 യൂനിറ്റ് ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള വൈദ്യുതി സൗജന്യമുള്ളവർക്ക് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും
- പ്രതിമാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് യൂനിറ്റിന് 1.50 രൂപയാണ് നിരക്ക്. ഇവർക്ക് ഇപ്പോഴുണ്ടായ ഉപഭോഗം എത്ര യൂനിറ്റായാലും 1.50 രൂപ എന്ന നിരക്ക് മതി.
- പ്രതിമാസം 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ തുക വർധനയുടെ പകുതി സബ്സിഡി നല്‍കും.
- പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ തുക വർധനയുടെ 30 ശതമാനം സബ്സിഡി അനുവദിക്കും.
- പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വർധനയുടെ 25 ശതമാനം സബ്സിഡി
- പ്രതിമാസം 150 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വർധനയുടെ 20 ശതമാനം സബ്സിഡി
- ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ അഞ്ചു തവണകള്‍ വരെ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.