ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് ഏഴുകോടി രൂപവരെ സബ്സിഡി
text_fieldsകൊച്ചി: ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് ഏഴുകോടി രൂപ വരെ നിക്ഷേപ സബ്സിഡി പ്രഖ്യാപിച്ച് ലോജിസ്റ്റിക്സ് കരടുനയം വ്യവസായമന്ത്രി പി. രാജീവ് പുറത്തിറക്കി. പത്തേക്കര്‍ സ്ഥലമുള്ള പാര്ക്കിന് ഏഴുകോടി രൂപയും അഞ്ചേക്കറുള്ള മിനി പാര്‍ക്കുകള്‍ക്ക് മൂന്നുകോടി രൂപയുമാണ് സബ്സിഡി. ലോജിസ്റ്റിക്സ് പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും പാര്‍ക്കുകളുടെ അനുമതിക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും കരട് നയം ശിപാര്‍ശ ചെയ്യുന്നു.
സംസ്ഥാന വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ക്കായി വ്യവസായഭൂമി പുനര്‍പാട്ടം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നരലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങള് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നുണ്ട്. ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കരട് നയപ്രകാരം ലോജിസ്റ്റിക്സ് മേഖലക്ക് ആവശ്യമായ നൈപുണ്യശേഷി വികസന പദ്ധതികള്‍ ആവിഷ്കരിക്കും. സ്റ്റോറേജ്, ഗതാഗതം, മറ്റ് സേവനങ്ങള്‍ എന്നീ മേഖലകളിലാണ് നൈപുണ്യവികസന പദ്ധതികള്‍.
ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, മിനി ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ എന്നിവക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കരട്നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ലോജിസ്റ്റിക്സ് കോഓഡിനേഷന്‍ സമിതി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്സ് സെല്‍, നഗരങ്ങള്‍ക്കായി പ്രത്യേക സമിതി എന്നിവയും കരട് നയത്തില്‍ വിഭാവനം ചെയ്യുന്നു.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ലോജിസ്റ്റിക്സിന് കേരളത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല പറഞ്ഞു. ലോജിസ്റ്റിക്സ് മേഖലയിലെ കരട് നയം വ്യവസായ വകുപ്പ് ഡയറക്ടറും കെ.എസ്.ഐ.ഡി.സി എം.ഡിയുമായ എസ്. ഹരികിഷോര്‍ യോഗത്തില്‍ അവതരിപ്പിച്ചു. കെ.എസ്.ഐ.ഡി.സി ജനറൽ മാനേജര്‍ വര്‍ഗീസ് മാലാക്കാരന്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.