ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടിൽ ഗണ്യമായ ചോർച്ച –തോമസ് ഐസക്
text_fieldsപെരിന്തൽമണ്ണ: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് പാറ്റേൺ മാറാറുണ്ടെന്ന് പറഞ്ഞ് ലളിതവത്കരിക്കാവുന്നതല്ല ഇത്തവണ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിൽ ‘കേരളം ഇ.എം.എസിനുശേഷം’ എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടിൽ ഗണ്യമായ ചോർച്ചയുണ്ടായി. എൽ.ഡി.എഫിന് ലഭിക്കുന്ന 80 ശതമാനം വോട്ടും ഏറ്റവും താഴേത്തട്ടിലുള്ളവരിൽനിന്നാണ്. അതിൽ ഇടർച്ച വന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പല സർക്കാർ ആനുകൂല്യവും മുടങ്ങിയെന്നത് ഒരു കാരണമാണ്. കോവിഡ് കാലത്താണ് ക്ഷേമപെൻഷൻ 1600 രൂപയായി വർധിപ്പിച്ചത്. അത് അവകാശമായാണ് ജനങ്ങൾ കാണുന്നത്. മാധ്യമങ്ങളും യു.ഡി.എഫും ബി.ജെ.പിയും നടത്തിയ വലിയ പ്രചാരണം കേരളം കടക്കെണിയിലാണെന്ന പൊതുബോധം സൃഷ്ടിച്ചെന്നും തോമസ് ഐസക് പറഞ്ഞു.
പുത്തൻ സാമ്പത്തിക പരിഷ്കാരം സമൂഹത്തിൽ അസമത്വം വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇടത്തരക്കാർ പണ്ടത്തെ ഇടത്തരക്കാരല്ല. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ നിന്നതുകൊണ്ട് അവർക്ക് സാമൂഹിക പദവി കൂടാൻ പോവുന്നില്ലെന്ന ചിന്ത വന്നിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച വലുതാണ്. ഏറ്റവും കൂടുതൽ ആർ.എസ്.എസ് ശാഖകളുണ്ടെങ്കിലും കേരളത്തിൽ അവരുടെ സ്വാധീനം തടഞ്ഞുനിർത്തിയത് നവോത്ഥാന മൂല്യങ്ങളുടെ ബലത്തിലായിരുന്നു. ഈ മൂല്യങ്ങൾക്ക് ഇടിവ് വന്നു. ബി.ജെ.പിയുടെ വോട്ടിങ് നിലയും വലുതായി. മതന്യൂനപക്ഷങ്ങൾക്കിടയിൽ നേരത്തേതന്നെ ഇടതുപക്ഷസ്വാധീനം ദുർബലമായിരുന്നെന്നതും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, അജിത് കൊളാടി, പ്രഫ. എം.എം. നാരായണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
വോട്ടുനഷ്ടത്തിന്റെ കാരണം പഠിക്കും –എം.വി. ഗോവിന്ദൻ
തൃശൂർ: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച് 1.75 ശതമാനവും 2014നെ അപേക്ഷിച്ച് ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേതട്ടിൽ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ റീജനൽ തിയറ്ററിൽ നടന്ന ഇ.എം.എസ് സ്മൃതിയുടെ സമാപന സെഷനിൽ ‘തദ്ദേശഭരണവും സാമൂഹ്യനീതിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടുനഷ്ടത്തിന്റെ കാരണം ജനങ്ങളോട് തുറന്നുപറയും. തെറ്റായ പ്രവണതകൾ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. സർക്കാർ നടപടികൾ ഉൾപ്പെടെ ആവശ്യമായ കാര്യങ്ങൾ തിരുത്തും. ഇത്തവണ യു.ഡി.എഫിന് 18 ലോക്സഭ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.
അതേസമയം, സി.പി.എമ്മിന്റെ അടിത്തറ ഭദ്രമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പല മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ വൻതോതിൽ ബി.ജെ.പിയിലേക്ക് പോയെ ന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.