ആധാർ സേവനങ്ങളുടെ അട്ടിമറി: വിശദാന്വേഷണത്തിന് ഗതാഗത കമീഷണറേറ്റ്
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിലെ ആധാർ അധിഷ്ഠിത സേവനങ്ങൾ അട്ടിമറിച്ച സംഭവത്തിൽ ഗതാഗത കമീഷണറേറ്റ് വിശദാന്വേഷണത്തിന്. വിശദപരിശോധനക്ക് ഗതാഗത കമീഷണറേറ്റിലെ സ്മാർട്ട് സപ്പോർട്ട് സെല്ലിനെ ചുമതലപ്പെടുത്തി.
സമാന്തരമായി ജില്ലകളിൽനിന്ന് ഞായറാഴ്ച തന്നെ ഗതാഗത കമീഷണറേറ്റ് വിവരങ്ങൾ ആരാഞ്ഞിരുന്നു. കേന്ദ്ര സർക്കാറിന്റെ ആധാർ പോർട്ടലുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് ആധാർ വിവരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നത്.
നവീകരണത്തിന്റെ ഭാഗമായി ആധാർ പോർട്ടലിലെ ഇ-കെ.വൈ.സി സംവിധാനം പ്രവർത്തിക്കാത്തതാണ് മോട്ടോർ വാഹനവകുപ്പ് സേവനങ്ങളെയും ബാധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, ആധാർ നമ്പർ ടൈപ് ചെയ്യാനുള്ള കോളം തന്നെ വെബ് സൈറ്റിൽനിന്ന് അപ്രത്യക്ഷമായതാണ് സംശയം വർധിപ്പിക്കുന്നത്. തുടക്കത്തിൽ ആധാർ നമ്പർ ടൈപ് ചെയ്ത് തുടർ നടപടികളിലേക്ക് നീങ്ങുമ്പോൾ 'ആധാർ സേവനം ലഭ്യമല്ല, ആർ.ടി ഓഫിസിൽ ബന്ധപ്പെടുക' എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. മൂന്നു ദിവസമായി ആധാർ ടൈപ് ചെയ്യാനുള്ള കോളം തന്നെ ഒഴിവാക്കിയിട്ടുണ്ട്.
ആധാർ അധിഷ്ഠിത സേവനങ്ങൾ പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. ''കൂടുതൽ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇതിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നവുമില്ല. ഇക്കാര്യത്തിൽ ചെറിയ വിട്ടുവീഴ്ചക്കുപോലും തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ ഓൺലൈനിൽ നൽകിയാലും രേഖകൾ പ്രിന്റെടുത്ത് ഓഫിസിലെത്തിക്കുന്ന രീതി അവസാനിപ്പിച്ചാണ് കഴിഞ്ഞ ഡിസംബർ 24 മുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസം തിരുത്തലടക്കം ഏഴു സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കിയത്.
ഓൺലൈൻ അപേക്ഷയിൽ വാഹന ഉടമയുടെ ആധാർ മാനദണ്ഡമാക്കിയതോടെ, ഈ ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കാണ് തുടർ അറിയിപ്പുകളും സന്ദേശങ്ങളുമെത്തുക. ഇടനിലക്കാർക്ക് മാത്രമല്ല, കൈമടക്ക് വാങ്ങുന്ന ഉദ്യോഗസ്ഥർക്കും ഇത് വലിയ വെല്ലുവിളിയായി. തുടക്കത്തിൽ തന്നെ പുതിയ സംവിധാനം അട്ടിമറിക്കാൻ ശ്രമമുണ്ടായിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തിയെങ്കിലും വളരെ കുറഞ്ഞ അപേക്ഷകളാണ് ആധാർ അധിഷ്ഠിതമായി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.