ജീവന്‍റെ തുള്ളിയായി ജൽ ജീവൻ; രണ്ടു വർഷം, 10 ലക്ഷം കുടിവെള്ള കണക്ഷൻ
text_fieldsകൊച്ചി: രാജ്യത്തെ മുഴുവൻ ഗ്രാമീണ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ എത്തിക്കുന്നതിനായുള്ള ജൽ ജീവൻ പദ്ധതിയിലൂടെ (ജെ.ജെ.എം) സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ നൽകിയത് 10.21 ലക്ഷം കണക്ഷനുകൾ. 2020-21 കാലയളവിൽ 4.04 ലക്ഷം കണക്ഷനുകളും 2021-22 വർഷത്തിൽ 6.17 ലക്ഷം കണക്ഷനുകളുമാണ് കേരളത്തിലെ വിവിധ ഗ്രാമീണ മേഖലകളിലായി സ്ഥാപിച്ചത്.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024ഓടെ കുടിവെള്ള കണക്ഷൻ എത്തിക്കുകയെന്ന ലക്ഷ്യവുമായി 2019 ആഗസ്റ്റ് 15നാണ് പദ്ധതി പ്രഖ്യാപിച്ചത്. അന്നത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെയുള്ള 70.69 ലക്ഷം ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമേ കുടിവെള്ള കണക്ഷനുണ്ടായിരുന്നുള്ളൂ. ആകെയുള്ളതിന്‍റെ 23.54 ശതമാനം. ജൽജീവൻ പദ്ധതികൂടി നടപ്പാക്കിയതോടെ ഗാർഹിക കണക്ഷനുള്ള വീടുകളുടെ എണ്ണം 27.71 ലക്ഷമായി. നിലവിൽ 38 ശതമാനം വീടുകളിലാണ് കുടിവെള്ളം എത്തുന്നതെന്ന് കേരള ജല അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലം ജില്ലയിലാണ് ജെ.ജെ.എമ്മിലൂടെ കൂടുതൽ വീടുകളിൽ കണക്ഷനെത്തിയത് -1.33 ലക്ഷം വീടുകളിൽ. ഏറ്റവും കുറവ് വയനാട്ടിലും -8376 കണക്ഷനുകൾ മാത്രമാണ് ഈ ജില്ലയിലെത്തിയത്.
12 പഞ്ചായത്തുകൾ സമ്പൂർണം
സംസ്ഥാനത്ത് ജൽ ജീവൻ പദ്ധതിയിലൂടെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷനുള്ള പഞ്ചായത്തുകൾ 12 എണ്ണമാണ്. ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, തണ്ണീർമുക്കം, തുറവൂർ, തൈക്കാട്ടുശ്ശേരി, എറണാകുളത്തെ എടവനക്കാട്, കടമക്കുടി, കുമ്പളങ്ങി, തൃശൂർ ജില്ലയിലെ എറിയാട്, കണ്ണൂരിലെ ചെറുകുന്ന്, കല്യാശ്ശേരി, മുഴപ്പിലങ്ങാട്, പിണറായി എന്നിവയാണ് നൂറുമേനി കൈവരിച്ച പഞ്ചായത്തുകൾ.
വേണ്ടത് ആധാർകാർഡ് മാത്രം
ജൽ ജീവൻ മിഷന്‍വഴി കുറഞ്ഞ ചെലവിൽ കുടിവെള്ള കണക്ഷന്‍ ലഭിക്കാൻ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും മാത്രം മതി. കണക്ഷന്‍ ലഭിക്കാൻ പഞ്ചായത്ത് അധികൃതരെയോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി / ജലനിധി ഓഫിസിനെയോ ബന്ധപ്പെടാം. നടപടിക്രമങ്ങൾ ലളിതമാക്കാൻ വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു രൂപം നൽകിയിട്ടുണ്ട്.
ജൽ ജീവൻ കണക്ഷൻ ജില്ല തിരിച്ച്
തിരുവനന്തപുരം -109974
കൊല്ലം -133237
പത്തനംതിട്ട -35078
ആലപ്പുഴ -109719
കോട്ടയം -59214
ഇടുക്കി -20718
എറണാകുളം -82566
തൃശൂർ -62266
പാലക്കാട് -129030
മലപ്പുറം -94894
കോഴിക്കോട് -56686
വയനാട് -8376
കണ്ണൂർ -99087
കാസർകോട് -21020
ആകെ -1021865
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.