സമുദ്രപരീക്ഷണം വിജയകരമായി പൂർത്തിയാക്കി; ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി
text_fieldsകൊച്ചി: അറബിക്കടലിൽ അഞ്ചുദിവസം നീണ്ട ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി. ഈ മാസം നാലിന് ആരംഭിച്ച പരീക്ഷണമാണ് ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചത്.
സമാനരീതിയിൽ ആറ് പരീക്ഷണയാത്രകൂടി നടത്തിയതിനുശേഷം കൊച്ചി കപ്പൽശാല നാവികസേനക്ക് ഐ.എൻ.എസ് വിക്രാന്തിനെ കൈമാറും. തുടർന്നായിരിക്കും ആയുധങ്ങൾ വഹിച്ചുള്ള പരീക്ഷണം.
അടുത്ത വർഷത്തോടെ കമീഷൻ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. കപ്പൽശാലയുടെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു കടൽ പരീക്ഷണങ്ങൾ. പ്രൊപ്പൽഷൻ പ്ലാൻറ്, നാവിേഗഷൻ, കമ്യൂണിക്കേഷൻ, ഹൾ എക്വിപ്മെൻറ്, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ(പി.ജി.ഡി) തുടങ്ങിയ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയാണ് പ്രധാനമായും പരിശോധിച്ചത്.
വിക്രാന്തിെൻറ നിർമാണത്തോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേരും. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ നിർമിക്കുന്ന കപ്പൽ രൂപകൽപന ചെയ്തത്.
262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും കപ്പലിനുണ്ട്. തദ്ദേശീയ നിർമിതിയായ ഈ കപ്പൽ രാജ്യത്തിെൻറ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ സംരംഭം എന്നിവയിലെ നാഴികക്കല്ലുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പതിനാലായിരത്തിലേറെ പേർ നേരിട്ടും അല്ലാതെയും നിർമാണത്തിൽ പങ്കുവഹിച്ചു. ഇതിൽ രണ്ടായിരത്തോളം പേർ കൊച്ചി കപ്പൽശാല ജീവനക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.