ഒഴുക്ക് നിലച്ച് ‘ശുചിത്വ സാഗരം’
text_fieldsകൊച്ചി: സംസ്ഥാനത്തെ കടലും തീരവും പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘ശുചിത്വ സാഗരം’ പദ്ധതി ആറ് വർഷമായിട്ടും പൂർണമായും ലക്ഷ്യം കണ്ടില്ല. മൂന്ന് ഘട്ടമായി വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടം മാത്രമാണ് വിജയകരമായി നടപ്പാക്കാനായത്. ഭരണാനുമതി ലഭിച്ചെങ്കിലും സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയായത്.
മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ -രാഷ്ട്രീയ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് 2018ലാണ് രൂപം നൽകിയത്. ഒന്നാം ഘട്ടത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. 590 കിലോമീറ്റർ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കാൻ ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞമായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും തുടർകാമ്പയിനും തീരുമാനിച്ചു. കിട്ടിയ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ടമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനേ കഴിഞ്ഞുള്ളൂ. 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 600 കർമസംഘങ്ങളെ ഉപയോഗിച്ച് ഒറ്റ ദിവസംകൊണ്ട് കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാൻ കൈമാറുന്നതിനുള്ള രണ്ടാം ഘട്ടത്തിന്റെ തീയതി രണ്ട് തവണ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായ, കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന യജ്ഞം 2018ൽ നീണ്ടകര ഹാർബർ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. കടലിന്റെ അടിത്തട്ടിൽനിന്ന് ട്രോൾ വലകളിൽ കുടുങ്ങി ബോട്ടുകളിൽ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം തിരികെ കടലിൽ വലിച്ചെറിയാതെ പ്രത്യേക ബാഗുകളിലാക്കി കരയിലെത്തിക്കുകയും ഹാർബറിൽ വെച്ച് വൃത്തിയാക്കി പിന്നീട് പുനഃസംസ്കരിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. പുനഃസംസ്കരിച്ച പ്ലാസ്റ്റിക് റോഡ് ടാറിങ്ങിന് ഉപയോഗിക്കും. ഇതുവരെ 150 ടണ്ണോളം പ്ലാസ്റ്റിക് ഇങ്ങനെ ശേഖരിച്ചു. സംസ്ഥാനത്ത് പൂർണതോതിൽ പ്രവർത്തിക്കുന്ന മറ്റ് 20 ഹാർബറുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറ് വർഷമായിട്ടും നീണ്ടകരയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് തടസ്സമായി നടത്തിപ്പ് ചുമതലയുള്ള ഹാർബർ എൻജിനീയറിങ് വകുപ്പിലെ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.