സംവരണം നിർത്താറായില്ലേ എന്നു ചോദിക്കുന്നവർക്ക് മറുപടിയുമായി സുദേഷ് എം. രഘു
text_fieldsകൊച്ചി: സുപ്രീം കോടതി മുന്നാക്കസംവരണം ശരിവെച്ച പശ്ചാത്തലത്തിൽ സംവരണത്തെ കുറിച്ച് വീണ്ടും വ്യാപക ചർച്ചകൾ നടക്കുന്നുണ്ട്. ദലിത്, പിന്നാക്ക സംവരണത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്താണ് പലരും രംഗത്തുവരുന്നത്.
ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് പ്രമുഖ ആക്ടിവിസ്റ്റ് കൂടിയായ സുദേഷ് എം. രഘു. 'സാമ്പത്തിക സംവരണ വിധി: കാണാതെ പോകുന്ന വസ്തുതകൾ' എന്ന തലക്കെട്ടിൽ ഡോ. ജോസ് സെബാസ്റ്റ്യൻ എഴുതിയ കുറിപ്പിലെ സംവരണവിരുദ്ധതക്കുള്ള മറുപടികളായാണ് സുദേഷിന്റെ ലേഖനം.
ഡോ. ജോസ് സെബാസ്റ്റ്യൻ: 'ഏതുതരം സംവരണത്തിന്റെയും യുക്തി ഒന്നുതന്നെയാണ്: വക്തിപരമോ സാമൂഹികമോ ആയ പരാധീനതകൾ മൂലം ചില സമൂഹങ്ങൾക്കോ വ്യക്തികൾക്കോ മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ പിന്നോക്കം പോകേണ്ടിവരുന്നു. അത് നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന് ചേർന്നതല്ല. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അതിന് പ്രോത്സാഹനം കൊടുക്കണം'
സുദേഷ് എം. രഘു: സംവരണം പ്രാതിനിധ്യത്തിനാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിൽ അവയ്ക്കോരോന്നിനും ഭരണസംവിധാനങ്ങളിൽ -എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി- ആനുപാതികമായ പ്രാതിനിധ്യം (അഫർമേറ്റീവ് ആക്ഷൻ) നൽകാനാണു സംവരണം. പരാധീനത ഉണ്ടായാലും ഇല്ലെങ്കിലും ജനങ്ങൾക്ക് സ്വയം ഭരിക്കാനുള്ള അവസരം കിട്ടണം. അവരെ എപ്പോഴും മറ്റാരെങ്കിലും ഭരിച്ചാൽ മതി എന്നത് നീതിയോ ന്യായമോ അല്ല. പൊതുവേ, സംവരണത്തിനെതിരായി ഇൻഡ്യയിലെ സവർണർ ഉന്നയിക്കുന്ന വാദങ്ങൾ തന്നെയാണ് ജോസ് സെബാസ്റ്റ്യൻ സാറും അവതരിപ്പിക്കുന്നത്. സവർണരെ സംബന്ധിച്ചിടത്തോളം ഭരണാധികാരത്തിൽ അവരുടെ മൃഗീയാധിപത്യം നഷ്ടപ്പെടരുത്.
സത്യം പറഞ്ഞാൽ, സവർണരായി ജനിച്ചവരുടെ അബോധത്തിലുള്ള സംവരണവിരുദ്ധത ചില പ്രത്യേക സന്ദർഭങ്ങളിൽ ഇങ്ങനെ പുറത്തുവരും. എത്ര വലിയ സാമ്പത്തിക വിദഗ്ധരായാലും എത്ര വലിയ ജഡ്ജിയായാലും സംവരണ വിഷയത്തിൽ തീരുമാനമെടുക്കേണ്ട നിർണായക നിമിഷത്തിൽ അവരുടെ പൂച്ച് പുറത്തുവരും. ഭരണഘടനയും നിയമവും നീതിയുമെല്ലാം അവർ അതിനുവേണ്ടി വളച്ചൊടിക്കയും ചെയ്യും. ആദ്യം സംവരണം വരേണ്ടതു ജൂഡീഷ്യറിയിൽ ആണെന്നു ഞാൻ വെറുതെ പറഞ്ഞതല്ല.
ഡോ. ജോസ് സെബാസ്റ്റ്യൻ: 'ജാതി അങ്ങനെ തൂത്താൽ പോകുന്ന സാധനം അല്ല. അപ്പോൾ പരിഹാരം ജാതി സംവരണം പ്രളയ കാലം വരെ തുടരുകയാണോ? ഈ ചോദ്യം രണ്ട് സുപ്രീം കോടതി ജഡ്ജിമാർ ഉന്നയിച്ചു. അതിന് അവരെ കുറ്റപ്പെടുത്തുകയാണോ വേണ്ടത്?'
സുദേഷ് എം. രഘു: സംവരണം പ്രാതിനിധ്യത്തിനാണെങ്കിൽ പ്രളയകാലം വരെ തുടരേണ്ടി വരും; അഥവാ മതിയായ പ്രാതിനിധ്യം കിട്ടുന്നതുവരെയെങ്കിലും.
ഡോ. ജോസ് സെബാസ്റ്റ്യൻ: 'സംവരണം എന്നത് സർക്കാർ ജോലിയിൽ മാത്രം നടക്കുന്ന കാര്യം ആണ്. കാര്യക്ഷമതയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ മത്സരിച്ചു ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ വിൽക്കുന്ന സ്വകാര്യ മേഖലയിൽ സംവരണം പറ്റില്ലല്ലോ.'
സുദേഷ് എം. രഘു: അമേരിക്ക പോലുള്ള രാജ്യങ്ങളിൽ സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾ വരെ ഓരോ വർഷവും അവരുടെ സ്ഥാപനങ്ങളിൽ ഇത്ര ബ്ലാക്സ്, ഇത്ര സ്ത്രീകൾ, ഇത്ര ട്രാൻസ് വിഭാഗം എന്നിങ്ങനെയുള്ള കണക്കുകൾ പുറത്തുവിടാറുണ്ടത്രേ. എന്തിനാണത്? സമൂഹത്തിലെ വൈവിധ്യങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അവർ അതു ചെയ്യുന്നത്. അത്തരം ഉൾച്ചേർക്കലുകൾ അവരുടെ സ്വീകാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുകയാണു ചെയ്യുന്നത്. ഇൻഡ്യയിലെ മേൽജാതി ആധിപത്യം ഭീകരമായതിനാലാണ് സ്വകാര്യമേഖലയിൽ പിന്നാക്കക്കാർക്കും ദലിതർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്. അല്ലാതെ, അവർക്കു "കാര്യക്ഷമതയോ ഗുണനിലവാരമോ" ഇല്ലാഞ്ഞിട്ടല്ല.സർക്കാർ സർവീസിലെ മൂന്നു പതിറ്റാണ്ടിലെ അനുഭവം വച്ചു പറയുകയാണെങ്കിൽ, യോഗ്യതയിലും മാർക്കിലും ഇച്ചിരി കുറഞ്ഞാലും (മിനിമം യോഗ്യതയില്ലാത്ത ആരെയും സംവരണത്തിലൂടെയും തിരഞ്ഞെടുക്കില്ല) പ്രതിബദ്ധതയോടെയും കാര്യക്ഷമതയോടെയും പണിയെടുക്കാനും ജനസേവനം ചെയ്യാനും സംവരണക്കാർ പലപ്പോഴും മുൻപന്തിയിലാണ്.
ഡോ. ജോസ് സെബാസ്റ്റ്യൻ: 'സർക്കാർ കൂടുന്തോറും സംവരണ ഒഴിവുകളുടെ എണ്ണവും കൂടും. പക്ഷെ സർക്കാരിന്റെ വലിപ്പം കൂടുന്തോറും " കാട്ടിലെ തടി, തേവരുടെ ആന " മനോഭാവം വർധിച്ചു സമ്പദ് വ്യവസ്ഥ താറുമാറാകും'
സുദേഷ് എം. രഘു: സമ്പദ് വ്യവസ്ഥ താറുമാറാകുന്നത് പ്രതിബദ്ധതയുള്ള, ജനസേവനകരായ ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇല്ലാത്തതും, ഭാവനയില്ലാത്ത ധന മാനേജ്മെന്റും കാരണമാണ്. സംവരണക്കാർ ഇല്ലാതായാലും സർക്കാരിന്റെ വലുപ്പം കുറഞ്ഞാലും മേൽപ്പറഞ്ഞ കാരണങ്ങളുണ്ടെങ്കിൽ സമ്പദ്വവസ്ഥ നന്നാവുമെന്നു തോന്നുന്നുണ്ടോ?
ഡോ. ജോസ് സെബാസ്റ്റ്യൻ: 'ഇപ്പോഴുള്ള ജാതിസംവരണം ഒരുകാലത്തും ജാതിവ്യവസ്ഥ ഇല്ലാതാക്കുക ഇല്ല; അതിനെ ശക്തിപ്പെടുത്തുകയെ ഉള്ളൂ.'
സുദേഷ് എം. രഘു: ജാതിവ്യവസ്ഥിതിയുടെ ദൂഷ്യഫലങ്ങൾ ഒരു പരിധിവരെ കുറക്കാൻ സംവരണത്തിനു സാധിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിക്കപ്പെട്ട ദലിത്-പിന്നാക്കക്കാർക്ക് സമൂഹത്തിൽ ഉണ്ടായിട്ടുള്ള അന്തസ്സും അവരോടുള്ള ഇതരരുടെ മനോഭാവവും വലിയ തോതിൽ മാറിയതു് ഉദാഹരണമാണ്. ഈ സമുദായങ്ങളിൽ നിന്നു പുതിയ സംരംഭകർ വളർന്നുവരാൻ, അവരുടെ മുൻതലമുറ സംവരണത്തിലൂടെ ഉണ്ടാക്കിയ നേട്ടങ്ങളും സമ്പത്തും കാരണമായിട്ടുണ്ട്.
ഡോ. ജോസ് സെബാസ്റ്റ്യൻ: 'പരിമിതമായ സംവരണ തസ്തികകളും സീറ്റുകളും ഇതുവരെ സംവരണത്തിന്റെ പ്രയോജനം കിട്ടാത്തവർക്കു ആണ് കൊടുക്കേണ്ടത്.
സുദേഷ് എം. രഘു: അതിൽ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ അതിനാവശ്യം സമുദായങ്ങളുടെ ജനസംഖ്യയുടെ കണക്കെടുപ്പും അവരുടെ പ്രാതിനിധ്യത്തിന്റെ കണക്കെടുപ്പും അല്ലേ? ആരാണതിനു വിലങ്ങുതടിയായി നിൽക്കുന്നത്? അതിൽ നിന്ന് എന്താണ് ഊഹിക്കേണ്ടത്?
ഡോ. ജോസ് സെബാസ്റ്റ്യൻ: 'സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം ജാതിവ്യവസ്ഥയെ ഇല്ലാതാക്കുകയാണ്; അതിനെ ശൿതീകരിക്കുകയല്ല. ഇന്ത്യയിലെ സംവരണം പക്ഷെ അതാണ് ചെയ്യുന്നത്.'
സുദേഷ് എം. രഘു: സാമൂഹിക നീതിയുടെ വിതരണം ആണു സംവരണത്തിലൂടെ നടപ്പാക്കപ്പെടുന്നത്. അതിലൂട ജാതിവ്യവസ്ഥിതി വലിയ പരിധിവരെ ദുർബലപ്പെടുകയാണു ചെയ്യുന്നത്. സംവരണം ഇല്ലായിരുന്നെങ്കിൽ ജാതിമേധാവിത്വം ഇതിനേക്കാൾ ശക്തമായും നിഷ്കരുണമായും തുടരുമായിരുന്നു എന്നു കരുതാനേ ന്യായമുള്ളൂ.
ഡോ. ജോസ് സെബാസ്റ്റ്യൻ: '75 വർഷം സംവരണം ഉണ്ടായിട്ട് സംവരണം അനുഭവിച്ചുവരുന്ന സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിച്ചോ?'
സുദേഷ് എം. രഘു: 75 വർഷത്തിന്റെ കണക്ക് പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള സംവരണം ആണ്. അവർ സാമൂഹികമായും സാമ്പത്തികമായും വളരെയധികം മുന്നേറിയത് സംവരണത്തിലൂടെയാണ്. സംവരണമില്ലായിരുന്നെങ്കിൽ വിദ്യാഭ്യാസം ചെയ്യാനും ഉദ്യോഗത്തിൽ പ്രവേശിക്കാനും സമ്പത്തുണ്ടാക്കാനും അവരിൽ ഭൂരിപക്ഷത്തിനും ഇന്നും സാധിക്കാത്ത അവസ്ഥയാണുള്ളത്. വാസ്തവത്തിൽ ഇൻഡ്യയുടെ ജാതിവ്യവസ്ഥിതിയെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചും തരിമ്പെങ്കിലും ഉത്കണ്ഠയുള്ളവർ ഇത്തരമൊരു ദുരാരോപണം ഉന്നയിക്കില്ല.
പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പല മാർഗങ്ങളിലൊന്നാണു സംവരണം. കേവലം 75 ഓ നൂറോ വർഷം കൊണ്ടൊന്നും ആയിരക്കണക്കിനു വർഷങ്ങളായി ഉണ്ടാക്കി വച്ചിട്ടുള്ള സാമൂഹികാസമത്വത്തിന്റെ ഭീകരത ഇല്ലാതാവാനൊന്നും പോകുന്നില്ല.
പിന്നെ ഒ.ബി.സികളുടെ കാര്യമാണെങ്കിൽ അവർക്ക് കേന്ദ്രത്തിൽ സംവരണം ഏർപ്പെടുത്തിയത് 1993 മുതൽ മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 2007ൽ മാത്രവും. എന്നിട്ടും അവർക്ക് സംവരണ വിഹിതത്തിന് അനുസരിച്ചുള്ള പ്രാതിനിധ്യം പോലും കിട്ടിയിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കിയിട്ടും അവർക്കുള്ള സംവരണം നിർത്താറായില്ലേ എന്നു ചോദിക്കാൻ വാട്സാപ്പ് യൂണിവേഴ്സിറ്റികളിൽ നിന്നു സാമൂഹിക ശാസ്ത്രം പഠിക്കുന്നവർക്കേ സാധിക്കൂ. പിന്നാക്ക വിഭാഗങ്ങളിൽ നിന്നു സംരഭകർ ഉണ്ടായി വരണമെങ്കിലും അവർക്ക് ഭരണതലത്തിൽ സപ്പോർട്ട് കിട്ടണം. അതിന് അവരുടെ ആളുകൾ കൂടി അവിടെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.