Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടിക്കാഴ്ചയിൽ...

കൂടിക്കാഴ്ചയിൽ മഞ്ഞുരുകി: പുനഃസംഘടന പൂർത്തീകരിക്കാൻ സുധാകരനും സതീശനും

text_fields
bookmark_border
VD Satheesan K Sudhakaran
cancel

തിരുവനന്തപുരം: പുനഃസംഘനയെച്ചൊല്ലി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തലസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. സമവായത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും അന്തിമപട്ടിക ഉടൻ തയാറാക്കുമെങ്കിലും ഏഴിന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിനു ശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രഖ്യാപനം.

മാധ്യമശ്രദ്ധ ഒഴിവാക്കി പ്രമുഖ നക്ഷത്രഹോട്ടലിൽ ഉച്ചക്കുശേഷം ആരംഭിച്ച സുധാകരൻ-സതീശൻ കൂടിക്കാഴ്ച ഏഴുമണിവരെ നീണ്ടു. ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അകൽച്ചയുടെ സാഹചര്യം ഇരുവരും പങ്കുവെച്ചു. പാർട്ടിയെ ശക്തമായി ചലിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഭാരവാഹി പട്ടിക മികവുറ്റതാകണമെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു. കെ.പി.സി.സി തയാറാക്കിയ അന്തിമ കരട് പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ എതിർപ്പില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ഏതെങ്കിലും നേതാവിന്‍റെ താൽപര്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരുടെയും പേര് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർബന്ധം തന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും എം.പിമാര്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികള്‍ പരിശോധിച്ച് പരിഹരിക്കണമെന്ന് മാത്രമാണ് ആവശ്യമെന്നും സതീശനും പറഞ്ഞു.

പാർട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പ് നിലനിർത്താൻ നേതൃത്വത്തിൽ പഴയപടി ഐക്യം വേണമെന്ന കാര്യത്തിൽ ഇരുവരും യോജിച്ചു. പുനഃസംഘടന ഹൈകമാൻഡ് തടഞ്ഞിട്ടില്ലെന്നും പരാതികൾ പരിഹരിക്കണമെന്ന് മാത്രമാണ് നിർദേശിച്ചതെന്നും ചൂണ്ടിക്കാട്ടിയ സതീശൻ അതിനെ പലവിധം വ്യാഖ്യാനിക്കപ്പെട്ടതിലെ അതൃപ്തി തുറന്നുപറഞ്ഞു. എന്നാൽ, പുനഃസംഘടനയുടെ കാര്യത്തിൽ തന്നോട് പരാതി പറയാതെ ചിലർ അവസാന നിമിഷം ഹൈകമാൻഡിനെ സമീപിച്ചതിലെ അസന്തുഷ്ടി സുധാകരനും ചൂണ്ടിക്കാട്ടി. എല്ലാവരുമായും കൂടിയാലോചിച്ചാണ് അന്തിമ കരട് പട്ടികക്ക് രൂപം നൽകിയത്. എന്നാൽ, ഭാരവാഹികളുടെ എണ്ണത്തിൽ കുറവ് വരുത്തിയതിനാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. അത്യാവശ്യം മാറ്റങ്ങൾ നിർദേശിച്ചാൽ സ്വീകരിക്കാം.

ഭാരവാഹികളുടെ എണ്ണത്തിലും നേരിയ വർധനയാകാം. മാസങ്ങൾ നീണ്ട അധ്വാനത്തിനുശേഷമാണ് കരട് പട്ടിക തയാറാക്കിയത്. അതിനാൽ ഭാരവാഹി പ്രഖ്യാപനമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ഈ നിർദേശങ്ങളോട് സതീശൻ പൂർണമായും യോജിച്ചു. തുടർന്നാണ് പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാൻ ധാരണയായത്. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ല തിരിച്ചുള്ള കരട് പട്ടികയാണ് സുധാകരനും സതീശനും ചേർന്ന് പരിശോധിച്ച് അന്തിമമാക്കുന്നത്. ഇതനുസരിച്ച് കെ.പി.സി.സി തയാറാക്കിയ പട്ടികയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. മൂന്ന് ജില്ലകളുടെ കാര്യത്തിൽ ഇരുവരും ഏകദേശം ധാരണയിലെത്തിയതായി അറിയുന്നു. ശേഷിക്കുന്ന ജില്ലകളുടെ കാര്യത്തിൽ ഉടൻ ധാരണയുണ്ടാക്കും. തുടർന്ന്, പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccCongress reorganization
News Summary - Sudhakaran and Satheesan to complete Congress reorganization
Next Story