മലക്കം മറിഞ്ഞ് ചെന്നിത്തല; സുധാകരൻ അങ്ങനെ പറയുന്ന ആളല്ലെന്ന് വിശദീകരണം
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് കെ.സുധാകരന്‍റെ പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ നിലപാടിൽ നിന്ന് മാറി സുധാകരനെ പിന്തുണച്ചുകൊണ്ടാണ് ചെന്നിത്തല ഇന്ന് രംഗത്തെത്തിയത്. സുധാകരൻ അങ്ങനെ പറയുന്ന ഒരാളല്ല. സുധാകരൻ ആരെയും ആക്ഷേപിക്കുന്ന ആളല്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊതുവായ പ്രതികരണം നൽകുകയാണ് ചെയ്തത്. വർഷങ്ങളായി രാഷ്ട്രീയരംഗത്തുള്ള നേതാവാണ് കെ.സുധാകരൻ. സുധാകരനോട് ഫോണിൽ സംസാരിച്ചതാണ്. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ നൽകുന്നത് ശരിയല്ല. ഇതിനേക്കാൾ പ്രധാനം സർക്കാറിന്‍റെ അനധികൃത നിയമനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ മുൻ എം.പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി നൽകുകയാണ്. ബന്ധുനിയമനം തകൃതിയായി നടക്കുന്നു. നിരവധി ചെറുപ്പക്കാർ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ഇല്ലാതെയിരിക്കുേമ്പാഴാണ് പിൻവാതിൽ നിയമനം കൊഴുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ചെത്തുകാരന്‍റെ മകൻ എന്ന അധിക്ഷേപ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ഇന്നലെ രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞ്ത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ രംഗത്ത് വന്നതോടെയാണ് ചെന്നിത്തല നിലപാട് മാറ്റിയത്.മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ. സുധാകരനെ പിന്തുണച്ച് രംഗത്ത് വരുന്ന ആദ്യ കോൺഗ്രസ് നേതാവാണ് ചെന്നിത്തല.
സുധാകരന്‍റെ പരാമർശം ശരിയല്ലെന്നും സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ എം.എൽ.എ പ്രതികരിച്ചിരുന്നു. ഷാനിമോളെയും രൂക്ഷമായ ഭാഷയിലാണ് കെ. സുധാകരൻ വിമർശിച്ചത്. ഷാനിമോളുടെ വിമർശനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.