സുധാകരന്‍റെ അറസ്റ്റ്: വ്യാപക പ്രതിഷേധം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി. തിരുവനന്തപുരത്ത് പാളയം ബ്ലോക്ക് കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ശനിയാഴ്ച വൈകുന്നേരം 4.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
മലപ്പുറത്ത് മണ്ഡലം തലങ്ങളിൽ പ്രതിഷേധം നടന്നു. രാത്രി എട്ടോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവുകളിൽ ഇറങ്ങിയത്. മലപ്പുറം നഗരത്തിൽ നടന്ന പ്രകടനം ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് കുന്നുമ്മൽ ട്രാഫിക് സർക്കിളിന് മുന്നിൽ സമാപിച്ചു. ശനിയാഴ്ച രാവിലെ 10ന് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടക്കും. പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ഒറ്റപ്പാലം, കല്ലടിക്കോട്, പുതുക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകടനം നടന്നു. കൊല്ലം നഗരത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. പരവൂരിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. വയനാട്ടിൽ കൽപ്പറ്റ ടൗണിൽ പ്രകടനവും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനംചെയ്തു.
കോഴിക്കോട്ട് സംഘർഷം
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചിൽ സംഘർഷം.
രാത്രി എട്ടോടെ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവര്‍ത്തകർ കമീഷണര്‍ ഓഫിസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. വാഹനങ്ങൾ തടഞ്ഞു. പൊലീസ് തടഞ്ഞതോടെ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.